കോയിപ്രം: ജിംനേഷ്യത്തിലെ സംഘര്‍ഷത്തില്‍ ട്രെയിനറെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് മരുതുകാലായില്‍ ഷിജിന്‍ ഷാജഹാന്‍ (24), കീഴ്വായ്പൂര് മണ്ണുംപുറം കുളത്തുങ്കല്‍ ബിന്‍സണ്‍ കെ. മാത്യു (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

വെണ്ണിക്കുളത്തുള്ള പെഗാസസ് ജിംനേഷ്യത്തില്‍ പ്രാക്ടീസിനു വന്ന ഷിജിന്‍ ഷാജഹാനെ ജിമ്മിനുള്ളില്‍ ലഹരിവസ്തു ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധംകൊണ്ട് ജിം ട്രെയിനറായ അലന്‍ റോയിയെ ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 6.30 ന് ഷിജിന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പ്രതികള്‍ ചേര്‍ന്ന് ജിമ്മില്‍ പ്രാക്ടീസിന് ഉപയോഗിക്കുന്ന ഇരുമ്പ് ബാര്‍, ഹെല്‍മെറ്റ് എന്നിവ എടുത്ത് തലയില്‍ അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും മറ്റും ചെയ്ത് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു.

ഈ കേസിലെ മൂന്നു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയിരുന്ന ഷിജിന്‍, ബിന്‍സണ്‍ എന്നിവര്‍ക്കായി ഊര്‍ജിതമായ തെരച്ചില്‍ നടത്തിവരവേ 18ന് മുട്ടുമണ്‍ നിന്നും ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

ഷിജിന്‍ ഷാജഹാന്‍ കോയിപ്രം പോലീസ് സ്റ്റേഷനിലെ രണ്ട് ക്രിമിനല്‍ കേസുകളിലും ബിന്‍സണ്‍ കെ. മാത്യു തിരുവല്ല പോലീസ് സ്റ്റേഷനിലെ മയക്കു മരുന്ന് കേസിലും പ്രതികളാണ്. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എസ്.ഐ രാജീവ്, എസ്.സി.പി.ഓമാരായ എ.എസ്.സുരേഷ്, ഷബാന, സി.പി.ഓ മാരായ പരശുറാം, ജയേഷ്, മുരുകദാസ്, ഇര്‍ഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.