കോന്നി: ശവസംസ്‌കാരച്ചടങ്ങിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റ സംഭവത്തിലെ ഒരാള്‍ അറസ്റ്റില്‍. റാന്നി വൈക്കം ലക്ഷ്മീധരം വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ (59) ആണ് അറസ്റ്റിലായത്. പ്രതിയുടെ സഹോദരനും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായ സീതത്തോട് പാറശ്ശേരില്‍ ഗോപിനാഥന്‍ നായര്‍, ബന്ധുവായ ശരത്ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. കേസില്‍ ആകെ ആറു പ്രതികളാണ്.

സാമ്പത്തിക ഇടപാട്, കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ എന്നിവ സംബന്ധിച്ച് ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. 18 ന് വെള്ളപ്പാറയിലുള്ള ഇവരുടെ ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിനിടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പരുക്കുപറ്റി തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗോപിനാഥന്‍ നായരുടെ മൊഴി രേഖപ്പെടുത്തി പോലീസ് ഇന്‍സ്പെക്ടര്‍ ബി. രാജഗോപാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ്ര

പതിയെ സംഭവ സ്ഥലത്തു നിന്നു തന്നെ കസ്റ്റഡിയിലെടുത്തു. എസ്.ഐമാരായ വിമല്‍ രങ്കനാഥ്, ഷൈജു, എ.എസ്. ഐമാരായ രഞ്ജിത്, അജി തോമസ്, സി പി ഒമാരായ നഹാസ്, അനീഷ്, അഖില്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നു.