കോന്നി: യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇടിവളയുപയോഗിച്ച് മൂക്കിലിടിച്ച് അസ്ഥി ഇടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ രണ്ടാംപ്രതി കോന്നി പോലീസിന്റെ പിടിയിലായി. തെങ്ങുംകാവ് പന്നിക്കണ്ടം ഇളപ്പിന്റെ വടക്കേതില്‍ വീട്ടില്‍ ശ്രീരാജ് എസ്. നായര്‍ (29) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് സംഭവം. അട്ടച്ചാക്കല്‍ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുളള ലൈറ്റ് ഡെക്കറേഷന്‍ കണ്ടിട്ട് തിരികെ മടങ്ങുകയായിരുന്ന യുവാവിനെയാണ് പ്രതികള്‍ കോന്നി ടൗണില്‍ വച്ച് ദേഹോപദ്രവമേല്പിച്ചത്. ഇടിവള വച്ച് ഇടിച്ചതിന്റെ ഫലമായി മൂക്കിന്റെ അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ച യുവാവ് ചികിത്സയിലാണ്.

റോഡരികില്‍ നിന്നിരുന്ന മദ്യപാനിയെ തടഞ്ഞു വച്ച് കളിയാക്കുന്നത് ചോദിച്ചതില്‍ പ്രകോപിതരായ യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമം നടത്തിയത്. ഒളിവില്‍പ്പോയ മറ്റു പ്രതികളെ പിടികൂടാനുണ്ട്. കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ എസ്.ഐ എസ്.എസ്. ശ്യാമിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. മുജീബ് റഹ്‌മാന്‍, എസ്.സി.പി.ഒ മാരായ രഞ്ജിത്ത്, ജയകുമാര്‍എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.