പത്തനംതിട്ട : പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും ഗുഡ്‌സ് ഓട്ടോറിക്ഷയും മോഷ്ടിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. സ്‌കൂട്ടര്‍ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ കേസിലെ പ്രതികളായ കുമ്പഴ മദീന ജംഗ്ഷനില്‍ അലങ്കാരത്ത് പുത്തന്‍ വീട്ടില്‍ ഹബീബ് (63) പത്തനംതിട്ട ആനപ്പാറ സ്വദേശി മൂലക്കല്‍ പുരയിടത്തില്‍ മുഹമ്മദ് ഖാന്‍ ( 35) എന്നിവരെയാണ് പിടികൂടിയത്.

എസ്‌ഐ ഷിജു.പി. സാം, എസ്‌ഐ രാജേഷ്, സിപിഒ മാരായ സുമന്‍ , അരുണ്‍ എസ് പിള്ള എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പത്തനംതിട്ട ടൗണിനു സമീപത്തുനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. മൈലപ്രയില്‍ ഫ്രൂട്‌സ് ഹോള്‍സെയില്‍ വ്യാപാരിയായ ഷിഫാദിന്റെ ഓട്ടോറിക്ഷയും ഉടമയെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ബൈക്കുമാണ് പ്രതികള്‍ മോഷ്ടിച്ചത്. ബുധനാഴ്ച പകല്‍ 11.30 മണിയോടെയാണ് സംഭവം.

പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സിസി ടിവി ദൃശ്യങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രിയോടെ തന്നെ രണ്ടു പ്രതികളെയും പിടികൂടുകയായിരുന്നു. ഇവര്‍ ലഹരിമരുന്ന് കൈവശം വച്ചത് ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതികളാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.