കണ്ണൂർ: കാറിന്റെ പ്ളാറ്റ് ഫോമിൽ പ്രത്യേകം നിർമ്മിച്ച അറയിൽ കടത്തുകയായിരുന്ന ഒന്നേമുക്കാൽ കോടി രൂപ പിടികൂടിയ സംഭവത്തിൽ അന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജൻസിയെത്തും. സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, ഇൻകംടാക്സും തലശേരി ടൗൺ പൊലീസിൽ നിന്നും തേടിയിട്ടുണ്ട്. ഈ രണ്ടു ഏജൻസികളും ഉടൻ തലശേരിയിലെത്തുമെന്നാണ് പൊലിസിന് ലഭിച്ച അറിയിപ്പ്.

മഹാരാഷ്ട്ര സാംഗ്ളി സ്വദേശി സ്വപ്നിൽ ലക്ഷ്മണാനാ(22) രേഖകളില്ലാത്ത പണവുമായി വലയിലായത്. പത്തുകോടി രൂപ വരെ കടത്താൻ ഉതകുന്ന രീതിയിലുള്ള അറയാണ് കാറിന്റെ പ്ളാറ്റ് ഫോമിൽ നിർമ്മിച്ചിട്ടുള്ളത്. ഡ്രൈവർ ഇരിക്കുന്ന ഭാഗത്തും നിന്നും തുടങ്ങുന്ന രഹസ്യഅറ ബാക്ക് സീറ്റിലാണ് അവസാനിക്കുന്നത്. പ്ളാറ്റ് ഫോമിൽ നിന്നും ഒരടി ഉയരത്തിലാണ് അറ നിർമ്മിച്ചിട്ടുള്ളത്. അറയ്ക്കു പ്രത്യേകതരം പൂട്ടുമുണ്ട്.

തലശേരി നഗരത്തിലെ സഹകരണാശുപത്രിക്കടുത്തെ റോഡിൽ തലശേരി സി. ഐ എം. അനിലിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ ദീപ്തി, സജേഷ്, മിഥുൻ എന്നിവർ നടത്തിയ സിനിമാ സ്റ്റൈൽ ചെയ്സിങിലാണ് അന്തർ സംസ്ഥാന ബന്ധമുള്ള കുഴൽപണ മാഫിയ സംഘത്തിലെ കണ്ണി വലയിലായത്. രാത്രിയിൽ നഗരത്തിൽ വാഹനപരിശോധയ്ക്കിടെയാണ് കാർ പൊലിസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

പൊലിസിനെ കണ്ടയുടൻ ശ്രമിച്ച കാറിനെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. കാർ എരഞ്ഞോളി പാലത്തിന് സമീപത്തെ വർക്ക് ഷോപ്പിൽ എത്തിച്ചു പരിശോധന നടത്തിയപ്പോഴാണ് രഹസ്യഅറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്. 500-200-ന്റെ നോട്ടുകെട്ടുകളാണ് പിടികൂടിയത്. കാറിൽ കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടതായി പൊലിസ് പറഞ്ഞു. കാസർകോട് കിലായിക്കോട് സ്വദേശി പള്ളിക്കൽ ഹൗസിൽ വലിയപുരയിൽ ബിപാത്തുമ്മ ബഷീർ ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് പൊലിസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.