- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങളായി തുടരുന്ന നികുതിവെട്ടിപ്പും ഹവാല ഇടപാടും കൈയോടെ പൊക്കി; നൂറുകോടിയിലധികം നഷ്ടപ്പെട്ട പ്ലൈവുഡ് ലോബിയുടെ നോട്ടപ്പുള്ളികളായി മാറി; മഞ്ഞുമലയുടെ അറ്റത്തിൽ തൊട്ടപ്പോൾ തന്നെ കൊച്ചിയിൽ കസ്റ്റംസ് സംഘത്തെ തെറിപ്പിച്ചു
കൊച്ചി: കൊച്ചിയിൽ പ്ലൈവുഡ് കമ്പനി ലോബികൾക്കെതിരെ നടപടിയെടുത്ത കസ്റ്റംസ് സംഘത്തെ സ്ഥലം മാറ്റിക്കൊണ്ട് ഉന്നത ഇടപെടൽ. നൂറുകോടിയിലേറെരൂപയുടെ ഹവാല ഇടപാടും നികുതിവെട്ടിപ്പും കണ്ടെത്തിയ കസ്റ്റംസ് പ്രിവന്റീവ് മേധാവിയടക്കമുള്ള അന്വേഷണസംഘത്തിനെയാണ് അപ്രതീക്ഷിതമായി സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവായിരിക്കുന്നത്.
ലോക കസ്റ്റംസ് ഓർഗനൈസേഷന്റെ പുരസ്‌കാരം നേടിയവരടക്കമുള്ള പ്രഗത്ഭർ ഉൾപ്പെടുന്ന അന്വേഷണ സംഘത്തെയാണ് ഉന്നത ഇടപെടിലൂടെ സ്ഥലം മാറ്റിയിരിക്കുന്നത്.അസിസ്റ്റന്റ് കമ്മിഷണർ, സൂപ്രണ്ട്, ഇൻസ്‌പെക്ടർമാർ എന്നിവരെയടക്കം ഒറ്റയടിക്ക് മാറ്റിയതോടെ അന്വേഷണസംഘത്തിൽ ഇനി രണ്ടുപേർ മാത്രമാണ് അവശേഷിക്കുന്നത്.സംഘത്തെ മാറ്റി ലോബികൾക്ക് തൽപ്പര കക്ഷികളായവരെ നിയമിക്കാനാണ് ശ്രമമെന്നാണ് സൂചന.
നൂറുകോടിയിലേറെ രൂപയുടെ നികുതി വെട്ടിപ്പും ഹവാല ഇടപാടുമാണ് കൊച്ചി-പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള പ്ലൈവുഡ് ലോബി നടത്തിയതെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തൽ.ഒരുമാസംകൊണ്ടാണ് പ്ലൈവുഡ് നിർമ്മാതാക്കൾ വർഷങ്ങളായി തുടരുന്ന നിയമലംഘനങ്ങൾ അന്വേഷണ സംഘം പുറത്തുകൊണ്ടുവന്നത്.
പെരുമ്പാവൂരിലെ 25 പ്ലൈവുഡ് നിർമ്മാണസ്ഥാപനങ്ങളിൽനിന്നുമാത്രം 30 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് കണ്ടെത്തിയത്.കൂടാതെ ചൈന, ഇൻഡൊനീഷ്യ, മ്യാന്മാർ, ഗാബോൺ എന്നീ രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് രൂപ ഹവാലയായി ലോബി കടത്തുന്നുണ്ടെന്നും സംഘം കണ്ടെത്തിയിരുന്നു.
കൊച്ചി കസ്റ്റംസ് പ്രിവന്റീവിലെ അസിസ്റ്റന്റ് കമ്മിഷണർക്കായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. എന്നാൽ തുടരന്വേഷണത്തിന് അവസരം നൽകാതെ പ്രിവന്റീവിൽ ഡെപ്യൂട്ടേഷനിലെത്തി മൂന്നുമാസം തികയും മുൻപേ ഇദ്ദേഹത്തെ വീണ്ടും കസ്റ്റംസ് ഹൗസിലേക്ക് മാറ്റി.
അന്വേഷണസംഘത്തിലെ പ്രധാനിയായിരുന്ന സൂപ്രണ്ടിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും മാറ്റി.അന്വേഷണത്തിന് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർമാരിൽ സ്ഥലംമാറ്റിയിട്ടുണ്ട്.അന്വേഷണത്തുടർച്ചയ്ക്കായി അസിസ്റ്റന്റ് കമ്മിഷണറെയും സൂപ്രണ്ടിനെയും നിലനിർത്തണമെന്ന് കംസ്റ്റസ് പ്രിവന്റീവിൽനിന്ന് ആവശ്യമുയർന്നെങ്കിലും ഉന്നത സമ്മർദ്ദം മൂലം ഇത് വിലപ്പോയില്ല.
പെരുമ്പാവൂരിലെ 25 പ്ലൈവുഡ് കമ്പനികളിൽ മാത്രം നടന്ന പരിശോധനയിലാണ് ഇത്രയുംവലിയ വെട്ടിപ്പ് കണ്ടുപിടിച്ചത്.അന്വേഷണം കേരളമാകെ വ്യാപിക്കുമെന്നുറപ്പുള്ള കേസിലാണ് മേധാവിയടക്കമുള്ളവരുടെ അപ്രതീക്ഷിത സ്ഥലംമാറ്റം.വർഷങ്ങളായി തുടരുന്ന ഹവാലയിലും കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പിലും പങ്കുണ്ടെന്ന് സംശയിക്കുന്ന ചില കസ്റ്റംസ് ഹൗസ് ഏജന്റുമാരും കേസിന്റെ ഭാഗമായി അന്വേഷമ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
അതേ സമയം ഇതുവരെയുള്ള കണ്ടെത്തൽ 'മഞ്ഞുമലയുടെ അറ്റം' മാത്രമെന്നാണ് കസ്റ്റംസിൽ തന്നെയുള്ള വിലയിരുത്തൽ.ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയപ്പോൾ കേസിൽ അന്വേഷണം നടക്കുന്നത് പരിഗണിക്കാത്തതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കിടയിലും അതൃപ്തിയുണ്ട്.ഭരണപരമായ സൗകര്യത്തിനാണ് മാറ്റമെന്നാണ് വിശദീകരണമെങ്കിലും പ്ലൈവുഡ് കമ്പനി ലോബിയുടെ സമ്മർദത്തെ തുടർന്നുള്ള ഉന്നതതല ഇടപെടലാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് സൂചന.




