തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്ന് 2.25 കോടി രൂപ തട്ടിയ സംഭവത്തിൽ പ്രതികളെ ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് 5 മണി വരെ സിറ്റി സൈബർ ക്രൈം പൊലീസ് ഡി വൈ എസ് പിയുടെ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരിക്കാൻ വിട്ടു നൽകിയത്. കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് തെളിവു ശേഖരിക്കാനാണ് 3 ദിവസത്തെ പൊലീസ് കസ്റ്റഡി നൽകിയത്.

രാജസ്ഥാൻ സ്വദേശികളായ അനിൽ സഞ്ചതി,വിജയകുമാർ ശർമ്മ,രാഹുൽ ശർമ്മ,വിനോദ് കുമാർ ശ്രീവാസ് എന്നിവരാണ് പ്രതികൾ. രാജസ്ഥാനിൽ നിന്ന് പിടികൂടിയ നാലു പ്രതികളെയും സിറ്റി സൈബർ പൊലീസ് ഡിസംബർ 7 നാണ് കോടതിയിൽ ഹാജരാക്കിയത്.
എസ്.എച്ച്.ഒ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അതിവിദഗ്ദ്ധമായി പിടികൂടിയത്. പിടിയിലായവരെക്കൂടാതെ 10 ഓളം പ്രതികൾ സംഭവത്തിന്റെ പിന്നിലുണ്ടെന്നാണ് സൂചന.

ചാർട്ടേഡ് അക്കൗണ്ടന്റിന് നഷ്ടമായ പണത്തിൽ 50 ലക്ഷം രൂപ മാറ്റപ്പെട്ട ഒരു അക്കൗണ്ടുമായി ബന്ധമുള്ളവരാണ് പിടിയിലായത്. 72 അക്കൗണ്ടുകളിലേക്കാണ് തട്ടിയെടുത്ത പണം മാറ്റിയിരുന്നത്. മുംബയ് കസ്റ്റംസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റിനെ ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. അക്കൗണ്ടന്റിന്റെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഉപയോഗിച്ച് വിദേശത്തേക്ക് അയച്ച പാഴ്‌സലിൽ പാസ്പോർട്ടും മയക്കുമരുന്നുമുണ്ടെന്നും മുംബയ് കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നുമായിരുന്നു ഉദ്യോഗസ്ഥൻ ചമഞ്ഞയാൾ പറഞ്ഞത്.

സ്‌കൈപ്പുവഴി വീഡിയോ കാളിലെത്തിയ യൂണിഫോം ധരിച്ച തട്ടിപ്പുകാരൻ, സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ചാർട്ടേഡ് അക്കൗണ്ടന്റിന് കള്ളപ്പണ ഇടപാടുകളോ മയക്കുമരുന്ന് കടത്തോ ഇല്ലെന്ന് തെളിയിക്കാൻ അക്കൗണ്ടിലെ മുഴുവൻ പണവും റിസർവ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. പരിശോധനയ്ക്ക് ശേഷം പണം അക്കൗണ്ടിലേക്ക് മടക്കി നൽകുമെന്നും അറിയിച്ചിരുന്നു. ഇതിനായി ആറ് അക്കൗണ്ട് നമ്പരുകളും നൽകി. ഇക്കാര്യങ്ങൾ വിശ്വസിച്ച ചാർട്ടേഡ് അക്കൗണ്ടന്റ് പണം അക്കൗണ്ടുകളിലേക്ക് നൽകുകയായിരുന്നു.

പ്രധാന സ്വകാര്യ ബാങ്കിന്റെ അക്കൗണ്ട് നമ്പരിലേക്കാണ് തട്ടിപ്പ് നടത്തിയ ആൾ പണം മാറ്റിയത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കി അദ്ദേഹം പൊലീസിനെ അറിയിച്ചത്. ഇതിനിടെ തട്ടിപ്പുകാർ ഭൂരിഭാഗം പണവും മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. സിറ്റി പൊലീസ് വിവരം സൈബർ വിഭാഗത്തിന് കൈമാറിയതോടെ അവർ ഇടപെട്ട് 50 ലക്ഷത്തോളം രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് പോകാതെ മരവിപ്പിക്കുകയായിരുന്നു.