തിരുവനന്തപുരം:ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴിയുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഭവങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.സമൂഹമാധ്യമങ്ങളിലെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്ക് സന്ദേശം അയച്ച് പണം ആവശ്യപ്പെടുന്നതുമാണ് തട്ടിപ്പ് രീതി.തട്ടിപ്പുമായി ബന്ധപ്പെട്ട സമീപകാലത്ത് ഒട്ടേറെ പരാതികൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് പരാതി രേഖപ്പെടുത്തേണ്ട ടോൾ ഫ്രീ നമ്പറടക്കം നൽകിക്കൊണ്ട് മുന്നറിയിപ്പുമായി സൈബർ ക്രൈം പൊലീസ് എത്തിയിരിക്കുന്നത്.

ഒരു നമ്പർ അയച്ച് അതിലേക്ക് ഓൺലൈൻ വഴി പണം അയയ്ക്കൽ, ഗിഫ്റ്റ് കൂപ്പൺ പർചേസ് ചെയ്ത് അയച്ചുകൊടുക്കൽ തുടങ്ങിയ രീതികളിലാണ് പണം ആവശ്യപ്പെടുന്നത്. ഇതിനുള്ള പോംവഴി സമൂഹമാധ്യമത്തിലെ അക്കൗണ്ടുകൾ 'പ്രൈവറ്റ്' ആയി സൂക്ഷിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസിപി ടി.ശ്യാംലാൽ പറഞ്ഞു.

പൊതുജന ബോധവത്കരണത്തിനായുള്ള കേരള പൊലീസിന്റെ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൈബർ പൊലീസിന്റെ മുന്നറിയിപ്പ്.ഇതുപോലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന നമ്പരിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം.