തൊടുപുഴ: തൊടുപുഴയിൽ നാലാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നൃത്താധ്യാപകന് 80 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. കൂടാതെ 4.5 ലക്ഷം രൂപ പിഴയും വിധിച്ചു. കോടിക്കുളം കോട്ടക്കവല നടുക്കുടിയിൽ സോയസ് ജോർജി(34)നെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി ആഷ് കെ.ബാൽ ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഇവർ ഒരുമിച്ച് അനുഭവിക്കണം. അതിനാൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷംതടവ് അനുഭവിച്ചാൽ മതിയാകും. പിഴത്തുകയിൽ രണ്ടുലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം.

അധ്യാപകൻ പരിശീലനത്തിന്റെ പേരിൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഫോണിലും ലാപ്‌ടോപ്പിലും അശ്ലീല വീഡിയോകൾ കുട്ടിയെ കാണിച്ച് പീഡനത്തിന് ഇരയാക്കി. ഭയന്നുപോയ കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ ആശുപത്രിയിലാക്കി. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി വിവരം ഡോക്ടറോട് പറയുകയായിരുന്നു.

കുട്ടിയുടെ പുനരധിവാസത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. തൊടുപുഴ എസ്.ഐ. ആയിരുന്ന വി.സി. വിഷ്ണുകുമാർ അന്വേഷിച്ച കേസിൽ സി.ഐ. അഭിലാഷ് ഡേവിഡാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.