- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദയാബായിയുടെ സമരം തീർക്കാൻ ഒടുവിൽ സർക്കാർ ഇടപെടൽ; ചർച്ച നടത്താൻ ആർ ബിന്ദുവിനെയും വീണാ ജോർജിനെയും ചുമതലപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: എൻഡോസൾഫാൻ ബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം തീർക്കാൻ സർക്കാർ ഇടപെടൽ. ദയാബായിയുമായി ചർച്ച നടത്താനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സമരം തുടങ്ങി രണ്ടാഴ്ചകൾക്ക് ശേഷമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാവുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാകും ചർച്ച നടക്കുക.സമരക്കാരുമായി ചർച്ച നടത്താൻ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിനും ആരോഗ്യ മന്ത്രി വീണാ ജോർജിനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സമരത്തോടുള്ള സർക്കാരിന്റെ മനോഭാവം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
സർക്കാരിൽ നിന്ന് അനുകൂല സമീപനമാണ് പ്രതീക്ഷിക്കുന്നതെന്ന് ദയാബായി പറയുന്നു. എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും ദയാബായി മാധ്യമങ്ങളോട് വ്യക്തമാക്കി.സർക്കാരിന്റെ ഇടപെടൽ അനുകൂലമായ നിലപാടായി കാണുന്നുവെന്ന് സമരസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
എയിംസ് പ്രോപ്പോസലിൽ കാസർകോടിന്റെ പേര് ചേർക്കണം, ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സാസംവിധാനം ഒരുക്കണം, മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പിലായവർക്കും ദിനപരിചരണ കേന്ദ്രങ്ങൾ നിർമ്മിക്കണം, എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി അടിയന്തരമായി ക്യാംപ് നടത്തണം എന്നിങ്ങനെ നാല് ആവശ്യങ്ങളായി സമരസമിതി ഉന്നയിക്കുന്നത്.സമരം ഒത്തുതീർക്കാൻ സർക്കാർ തയാറായില്ലെങ്കിൽ സമരം യു ഡി എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സർക്കാരിന് പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ മാത്രമാണ് ദയാബായി ഉന്നയിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി ഉറപ്പ് നൽകിയാൽ ദയാബായി സമരം അവസാനിപ്പിക്കും. മന്ത്രി നാട്ടിൽ എത്തിയാലുടൻ ഇടപെടണമെന്ന് ആവശ്യപ്പെടുമെന്നും സതീശൻ പറഞ്ഞിരുന്നു. ഐക്യദാർഢ്യവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തുകയും ചെയ്തു.




