- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിന്റെ പുഴക്കടവിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ; ഭയങ്കര ദുർഗന്ധം; പരിശോധിച്ചപ്പോൾ കണ്ടത് ചത്ത താറാവുകൾ; പരിഹാരം കാണണമെന്ന് നാട്ടുകാർ
പാലക്കാട്: കിഴക്കഞ്ചേരി പുഴയുടെ തീരത്ത്, പ്രത്യേകിച്ച് ക്ഷേത്രത്തിന്റെ കുളിക്കടവിനോട് ചേർന്നുള്ള ഭാഗത്ത്, ദിവസങ്ങളായി ചത്ത താറാവുകൾ ഒഴുകിയെത്തുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്കയുയർത്തുന്നു. കഴിഞ്ഞ തിരുവോണ ദിവസം മുതൽ ഈ ദുരവസ്ഥ തുടരുകയാണ്. എവിടെ നിന്നാണ് ഈ താറാവുകൾ ഒഴുകിയെത്തുന്നതെന്നോ അവ ചത്തൊടുങ്ങാനുള്ള കാരണമെന്നോ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കുളിക്കടവിന് സമീപം ചത്ത താറാവുകൾ കെട്ടിക്കിടക്കുന്നതിനാൽ പ്രദേശമാകെ ദുർഗന്ധം വ്യാപിച്ചിരിക്കുകയാണ്. സമീപത്തെ ഏതെങ്കിലും ഫാമുകളിൽ പക്ഷിപ്പനിയോ മറ്റ് രോഗങ്ങളോ പിടിപെട്ട് ചത്ത താറാവുകളെ പുഴയിൽ തള്ളിയതാകാം എന്ന സംശയവും ശക്തമാണ്. കഴിഞ്ഞ ഒരാഴ്ചയായി ഈ അവസ്ഥ തുടരുന്നതായും ഓരോ ദിവസവും കൂടുതൽ ചത്ത താറാവുകൾ ഒഴുകിയെത്തുന്നതായും നാട്ടുകാർ പറയുന്നു.
പുഴയിലെ ഒഴുക്ക് കുറവായതിനാൽ ചത്ത താറാവുകൾ തീരങ്ങളിൽ അടിഞ്ഞുകൂടി അഴുകി പുഴയിലെ ജലസ്രോതസ്സ് മലിനീകരിക്കപ്പെടുന്നതാണ് പ്രധാന പ്രശ്നം. ഈ വിഷയത്തിൽ കിഴക്കഞ്ചേരി സ്വദേശി പഞ്ചായത്തിന് രേഖാമൂലം പരാതി നൽകിയിട്ടും അധികൃതർ ഇതുവരെ കാര്യമായ നടപടി സ്വീകരിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.