ഇടുക്കി: പി.ജെ ജോസഫ് ഇടുക്കിക്ക് നൽകിയ സംഭാവനകൾക്ക് എം.എം മണിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഡീൻ കുര്യക്കോസ് എംപി. ജോസഫിനെതിരായ എം.എം മണിയുടെ പരിഹാസത്തിന് മറുപടി നൽകുകയായിരുന്നു ഡീൻ. ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തില്ലെവെച്ച് വികസന വിരോധി ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുട്ടത്തെ ഉദ്ഘാടനം മുഖ്യമന്ത്രിക്ക് തോന്നുന്ന സമയത്താണ് തീരുമാനിച്ചതെന്നും സിപിഎം നേതാക്കളുടെ ചെലവിൽ അല്ല താൻ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ല സെക്രട്ടറി സി.വി വർഗീസിന്റെയും എം.എം മണിയുടെയും പാട്ട പറമ്പിൽ അല്ല തങ്ങൾ താമസിക്കുന്നത്. ഇവർ പറയുന്നത് കേട്ട് പഞ്ച പുച്ഛമടക്കി നിൽക്കുന്നവർ ഉണ്ടാകുമെന്നും തന്നെ ആ കൂട്ടത്തിൽ പെടുത്തേണ്ടന്നും ഡീൻ കുര്യക്കോസ് പറഞ്ഞു.

തൊടുപുഴക്കാരുടെ ഗതികേടാണ് പി.ജെ ജോസഫ് എന്നതായിരുന്നു എം.എം മണി എം.എ.എയുടെ കഴിഞ്ഞ ദിവസത്തെ പരിഹാസം. പി.ജെ ജോസഫ് നിയമസഭയിൽ കാലു കുത്തുന്നില്ലെന്നും രോഗം ഉണ്ടെങ്കിൽ ചികിത്സിക്കുകയാണ് വേണ്ടതെന്നും എം.എം മണി പ്രഖ്യാപിച്ചിരുന്നു. പി.ജെ ജോസഫിന് ബോധമില്ലെന്നും ചത്താൽ പോലും കസേര വിടില്ലെന്നും എം.എം മണി അധിക്ഷേപിച്ചിരുന്നു. മണിയുടെ അഭിപ്രായങ്ങൾക്ക് ശക്തമായ ഭാഷയിലാണ് ഡീൻ കുര്യക്കോസിന്റെ മറുപടി നൽകിയത്.