കൊച്ചി: വീട് സൂക്ഷിപ്പുകാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം എസ്ആർഎം റോഡിൽ താമസിക്കുന്ന പ്രവാസി മലയാളിയുടെ വീട് സൂക്ഷിപ്പുകാരനായ തമിഴ്‌നാട് ശിവകാശി സ്വദേശി ബാബു എന്ന സുബ്ബയ്യ(47)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപത്തെ വ്യാപാരി പൊലീസിനെ വിവവരം അറിയിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ട്. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.

വർഷങ്ങളായി പ്രവാസിയുടെ വീടും പരിസരവും ബാബുവാണ് നോക്കിയിരുന്നത്. ബാബുവിനായി വീടിനോട് ചേർന്ന് താമസിക്കാൻ ചെറിയ മുറിയും കുളിമുറിയും ഒരുക്കിയിരുന്നു. ബാബുവിനെ ദിവസവും വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്ന ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സമീപത്തെ വ്യാപാരിയെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടർന്നാണ് വ്യാപാരി വീട്ടിലെത്തി പരിശോധിച്ചത്. പോസ്റ്റ്മോർട്ടത്തിൽ അസ്വഭാവികതയില്ലാത്തതിനാൽ മറ്റ് ദുരൂഹത സംശയിക്കുന്നില്ലെന്ന് എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു.