തളിപ്പറമ്പ്: തളിപറമ്പിനടുത്തെ കുറുമാത്തു രിൽനിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സൺഷേഡ് തകർന്നുവീണ് ആസാം സ്വദേശിയായ നിർമ്മാണതൊഴിലാളി മരിച്ചു. റാക്കിമുള്ള(റാക്കി ബുൾ-31) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്‌ച്ച രാവിലെ 9.45 ന് കുറുമാത്തൂർ മണക്കാട് റോഡിലാണ് അപകടം നടന്നത്.

മണക്കാട് മരുതേനിത്തട്ട് ആലത്തുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം മുഹമ്മദ് ഷഫീക്ക് എന്നയാളുടെ പുതുതായി നിർമ്മിച്ചുകൊണ്ടിരുന്ന വീടിന്റെ രണ്ടാംനിലയിലെ സൺഷേഡിന്റെ വാർപ്പുപലക നീക്കുനന്തിനിടയിൽ വാർപ്പ് ഒന്നടങ്കം അടർന്ന് റഖാക്കിമുള്ളയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

തളിപ്പറമ്പിൽ നിന്നും സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേനയാണ് സ്ളാബ് നീക്കി അകത്ത് കുടുങ്ങിയ ഇയാളെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു. നിർമ്മാണത്തിലെ അപാകതകളായിരിക്കാം അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ തളിപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.