കോഴിക്കോട്: കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ പോലീസ് ഉത്തരവിട്ടു. തോപ്പയിൽ ജുമാമസ്ജിദിൽ അടക്കം ചെയ്തിട്ടുള്ള ഖബർ തുറന്ന് ഈ നടപടി പൂർത്തിയാക്കും.

ഈ മാസം ആറാം തീയതിയാണ് കോണോട് ബീച്ച് സ്വദേശിയായ 40കാരനായ അസീമിന് വീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ഏഴാം തീയതി ഉച്ചയോടെ അസീമിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടു. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി തൊട്ടടുത്തുള്ള ഖബർസ്ഥാനിൽ സംസ്കരിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഭാര്യ സിമിന പോലീസിൽ പരാതി നൽകിയത്.

അസീമിന് മർദനമേറ്റതായി സംശയിക്കുന്നതായും അതിനാൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്നുമാണ് സിമിനയുടെ ആവശ്യം. ഈ ആവശ്യം പരിഗണിച്ച് വെള്ളയിൽ പോലീസിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. ഖബർസ്ഥാനിൽ വെച്ച് തന്നെ ഫോറൻസിക് സർജൻ ഉൾപ്പെടെയുള്ളവർ മൃതദേഹം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. വീട്ടിൽ വെച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് അസീമിനെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.