കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. നിതിന്റെ മരണം ആത്മഹത്യയല്ലെന്നും മാനസിക പീഡനത്തെത്തുടർന്നുള്ള കൊലപാതകത്തിന് തുല്യമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും മറ്റ് ചില അധ്യാപകരും നിതിനെ ക്രൂരമായി ഉപദ്രവിച്ചെന്നാണ് കുടുംബം പറയുന്നത്. നിതിന്റെ ജാതിയെയും കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയെയും ചൊല്ലി അധ്യാപകർ പരിഹസിച്ചിരുന്നു. മുമ്പ് വകുപ്പ് മേധാവിക്കെതിരെ നിതിൻ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യം ഉണ്ടായിരുന്നു.

ഇതിനുപുറമെ, സീനിയർ വിദ്യാർത്ഥികൾ നിതിൻ റാഗ് ചെയ്തിരുന്നതായും ആരോപണമുണ്ട്. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജ് ഇത്തവണ മെറിറ്റ് സീറ്റിലാണ് ബി.ഡി.എസ് പ്രവേശനം നേടിയത്. പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകനാണ്. ഇന്നലെ നാട്ടിലേക്ക് വരാനിരിക്കെയാണ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ നിലയിൽ നിതിനെ കണ്ടെത്തുന്നത്.