കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ നിരാശയെന്ന് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. വിധിയില്‍ ഞെട്ടിലില്ലെങ്കിലും, നിരാശയാണെന്നായിരുന്നു ദീദി ദാമോദരന്റെ പ്രതികരണം. പ്രതിസ്ഥാനത്ത് പ്രബലരാകുമ്പോള്‍ വരുന്നത് ഒരേ വിധിയാണ്. ഇത്രകാലം പോരാടി, ഇനിയും കേസുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.

ഇത്തരം കേസുകളില്‍ ഇരയാക്കപ്പെട്ടവരെല്ലാം ഒരേ സ്ഥിതിയിലേക്കെത്തുമെന്നാണ് ദീദി ദാമോദരന്റെ. ഐസ്‌ക്രീം പാര്‍ലര്‍ കേസിലടക്കം ഇതേ പാറ്റേണ്‍ ആവര്‍ത്തിച്ചു. വിധിയില്‍ ഞെട്ടലില്ല, നിരാശയുണ്ട്. കൃത്യമായ തെളിവ് ലഭിച്ചില്ല എന്ന വാദങ്ങളെല്ലാം ആപേക്ഷികമാണ്. ഇതെല്ലാം അറിയണമെങ്കില്‍ കോടതി വിധിയുടെ പൂര്‍ണരൂപം ലഭിക്കണമെന്നും അവര്‍ പറഞ്ഞു.

ഈ വിധി നേരത്തെ പ്രതീക്ഷിച്ചിരുന്നു. ഇത് അതിജീവിതയോടും അറിയിച്ചതാണ്. തോല്‍വിയുണ്ടാകുമെന്നും അതില്‍ വിഷമിക്കരുതെന്നും അവളോട് പറഞ്ഞിരുന്നു. ഈ കേസ് വ്യത്യസ്തമായിരിക്കുമെന്നായിരുന്നു അവളുടെ മറുപടി. എന്നാല്‍ മാറ്റമൊന്നുമുണ്ടായില്ല. ഇത്രയുംകാലം പോരാടി, നിയമപരമായി ഇനിയും മുന്നോട്ടുപോകും. അപ്പീലില്‍ വിശ്വസിക്കുന്നു. എന്നാല്‍ അതിനുള്ള സ്റ്റാമിന അതിജീവിതയ്ക്ക് ഉണ്ടോ എന്ന് അറിയില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു.