കൊല്ലം: ദേവസ്വം ബോർഡുകൾക്കു കീഴിലെ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് സംവരണം ബാധകമാക്കി. സംസ്ഥാനത്ത് എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ നിയമനങ്ങളിൽ സംവരണം ബാധകമാക്കുന്നത് ആദ്യമായാണ്.

ദേവസ്വം ബോർഡ് കോളേജുകളിലും സ്‌കൂളുകളിലും അദ്ധ്യാപക, അനധ്യാപക തസ്തികകളിലെ നിയമനങ്ങളിൽ പി.എസ്.സി.യുടെ സംവരണക്രമം പാലിച്ച് നിയമനംനടത്താൻ സംസ്ഥാന സർക്കാർ ദേവസ്വംബോർഡുകളെ ചുമതലപ്പെടുത്തി. ഇക്കാര്യം ചർച്ചചെയ്യാനായി 22-ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ബോർഡുകളുടെ സംയുക്തയോഗം ചേർന്നിരുന്നു. അഞ്ച് ദേവസ്വംബോർഡുകളും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും സംവരണം നടപ്പാക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

തിരുവിതാകൂർ ദേവസ്വംബോർഡിനുകീഴിൽ നാല് കോളേജുകളും 22 സ്‌കൂളുകളുമുണ്ട്. കൊച്ചിൻ (രണ്ട് കോളേജ്, ഒരു സ്‌കൂൾ), ഗുരുവായൂർ (ഒരു കോളേജ്, ഒരു സ്‌കൂൾ) എന്നിങ്ങനെയാണ് കണക്ക്.