തിരുവനന്തപുരം: ദേവസ്വം വരുമാനത്തെ 'മിത്ത് മണി'യെന്ന് പറയണമെന്ന നടൻ സലീം കുമാറിന്റെ പരാമർശത്തിനെതിരേ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ദേവസ്വത്തിന്റെ പണത്തെ മിത്ത് മണിയെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് കെ. രാധാകൃഷ്ണൻ പറഞ്ഞു. ലക്ഷക്കണക്കിന് ഭക്തതർ നൽകുന്ന സംഭാവനയാണിതെന്നും അതിനെ കളിയാക്കി പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നും സലീം കുമാറിന്റെ പരാമർശം സംബന്ധിച്ച ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു.

ദേവസ്വം വരുമാനം സർക്കാർ എടുത്ത് ചെലവഴിക്കുന്നില്ലെന്നും അതാത് ദേവസ്വം ബോർഡുകൾ തന്നെയാണ് ആ പണം വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2018 മുതൽ 2023 വരെ സംസ്ഥാന ഖജനാവിൽനിന്ന് ഏകദേശം 468 കോടി രൂപ ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിന് സർക്കാർ നൽകുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഇതുവരെ അധികാരത്തിലെത്തിയ ഇടതു സർക്കാരുകൾ ഒരു വിശ്വാസത്തേയും തകർക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. എല്ലാ വിശ്വാസികളുടെയും വിശ്വാസങ്ങളെ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാർ ഇക്കാലംവരെ സ്വീകരിച്ചത്. അതിൽനിന്ന് വ്യത്യസ്തമായ നിലപാട് ഇപ്പോഴുമില്ലെന്നും മന്ത്രി പറഞ്ഞു.

സലീം കുമാറിന്റെ പരാമർശത്തിനെതിരെ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. നടപടി ഒട്ടും ശരിയായില്ലെന്നും സലീം കുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു. കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലീം കുമാർ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്.

സലീം കുമാർ ഈ പരാമർശം പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്നും ഭണ്ഡാരത്തിൽ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണമെന്നും സലീം കുമാർ പറഞ്ഞിരുന്നു. സംസ്ഥാനത്തെ മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.