ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗത്തിൻ്റെ നേതൃത്വത്തിൽ സ്ഥിരം സമിതി രൂപീകരിക്കും. പ്രസാദ ഊട്ടിൻ്റെ പരിശോധന പതിവായി ഉറപ്പാക്കുകയും കൃത്യമായ ഇടവേളകളിൽ ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.

കേരള ചീഫ് സെക്രട്ടറിക്ക് വേണ്ടി റവന്യൂ വകുപ്പ് - ദേവസ്വം സ്പെഷ്യൽ സെക്രട്ടറിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ ഇക്കാര്യം അറിയിച്ചത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി റിപ്പോർട്ട് സമർപ്പിച്ചത്.

ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ഹോട്ടലുകളിലും ഭക്ഷണശാലകളിലും വിളമ്പുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചു.

41 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 8 എണ്ണത്തിന് നോട്ടീസ് നൽകുകയും രണ്ടെണ്ണം പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതുകൂടാതെ, ഗുരുവായൂർ നഗരസഭ 50 ഹോട്ടലുകളിൽ പരിശോധന നടത്തുകയും പിഴവുകൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.