തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന്, രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥി അടുത്തിടെ സന്ദർശിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളം ആരോഗ്യവകുപ്പ് അടപ്പിച്ചു. നീന്തൽക്കുളത്തിലെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം നീന്തൽക്കുളത്തിൽ കുളിച്ചതിന് ശേഷമാണ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഈ നീക്കം നടത്തിയത്. സംസ്ഥാനത്ത് ഇതിനോടകം വിവിധ ജില്ലകളിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വർഷം 66 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതായും 17 പേർ മരിച്ചതായും ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ ഔദ്യോഗിക കണക്കുകളിൽ രണ്ട് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.