- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ സമഗ്ര ഭൂരേഖ ലക്ഷ്യം; ഡിജിറ്റൽ റീസർവേയ്ക്ക് ഇന്ന് തുടക്കം; ആദ്യഘട്ടത്തിൽ 200 വില്ലേജുകൾ
തിരുവനന്തപുരം:സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേക്ക് കേരളപ്പിറവി ദിനമായ ചൊവ്വാഴ്ച തുടക്കമാകും. നാലുവർഷം കൊണ്ട് സംസ്ഥാനത്തെ ഭൂമി പൂർണമായും ശാസ്ത്രീയമായി സർവേ ചെയ്ത് കേരളത്തിന്റെ സമഗ്ര ഭൂരേഖയ്ക്ക് രൂപം നൽകുകയാണ് സർക്കാർ ലക്ഷ്യം.ഡിജിറ്റൽ റീസർവേയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യുമന്ത്രി കെ രാജൻ അധ്യക്ഷനാകും.
ആദ്യഘട്ടത്തിൽ 200 വില്ലേജിൽ സർവേ നടക്കും. മൂന്നുവർഷം കൊണ്ട് 400 വില്ലേജിൽ സർവേ പൂർത്തിയാക്കും. നാലാം വർഷം 350 വില്ലേജിലും. വകുപ്പിലെ ജീവനക്കാർക്കു പുറമെ 1500 സർവേയർമാരും 3200 ഹെൽപ്പർമാരും ഉൾപ്പെടെ 4700 പേരെയാണ് സർവേക്ക് നിയോഗിച്ചത്.
858.42 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനായി 438.46 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത്യാധുനിക സർവേ ഉപകരണങ്ങളായ കോർസ്, ആർടികെ റോവർ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ എന്നിവ ഉപയോഗിച്ചാണ് സർവേ. ഭൂവുടമകളുടെ സാന്നിധ്യത്തിൽ സർവേ നടത്തി മാപ്പുകൾ തയ്യാറാക്കി നൽകുംവിധം സോഫ്റ്റ് വെയർ അധിഷ്ഠിതമായാണ് സർവേ.
സർവേ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ജനപങ്കാളിത്തം ഉറപ്പുവരുത്താനും വാർഡുകളിൽ സർവേ സഭകൾ നടത്തുന്നുണ്ട്. ആദ്യഘട്ട സർവേ നടക്കുന്ന 200 വില്ലേജിൽ സർവേ സഭ പൂർത്തിയായി.




