പത്തനംതിട്ട: പിതാവിന്റെ കണ്ണ് ശസ്ത്രക്രിയയക്ക് മകന്റെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ നേത്രരോഗ വിദഗ്ധൻ വിജിലൻസിന്റെ പിടിയിൽ.പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോ. ഷാജി കെ. മാത്യുവാണ് പിടിയിലായത്.2005 ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ച ഇയാൾ എൻ.എച്ച്.എമ്മിന്റെ ഭാഗമായി താൽക്കാലിക അടിസ്ഥാനത്തിൽ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു.

കാഴ്ചയ്ക്ക് തകരാറുള്ള പിതാവുമായി ഏതാനും ദിവസങ്ങൾക്കുമുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ തുമ്പമൺ സ്വദേശിയായ 33 കാരന്റെ പരാതിയിലാണ് വിജിലൻസ് ഡോക്ടറെ കൈയോടെ പിടികൂടിയത്.അച്ഛന്റെ ശസ്ത്രക്രിയ നടത്താമെന്നും കണ്ണിന്റെ ശസ്ത്രക്രിയയ്ക്കു ശേഷം ഡിസ്ചാർജു ചെയ്യുമ്പോൾ 3000 രൂപ നൽകണമെന്ന് ഡോക്ടർ ഇയാളോട് ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ട വിവരം ചെറുപ്പക്കാരൻ വിജിലൻസിനെ അറിയിച്ചത്.

ശസ്ത്രക്രിയ കഴിഞ്ഞ ശേഷം 65 കാരനെ ഇന്ന് രാവിലെ ഡിസ്ചാർജ് ചെയ്തു.പിന്നാലെ ഒ.പി യിലെത്തിയ ചെറുപ്പക്കാരൻ പറഞ്ഞ പ്രകാരം തുക നൽകി.ഇതു വാങ്ങാൻ ശ്രമിക്കവേയാണ് ഡോ. ഷാജി കെ. മാത്യുവിനെ വിജിലൻസ് നാടകീയമായി പിടികൂടിയത്.കൈക്കൂലിയായി വാങ്ങിയ 3000 രൂപയും ഇയാളുടെ പക്കൽ നിന്നും വിജിലൻസ് കണ്ടെത്തി.തിരുവല്ല മഞ്ഞാടി സ്വദേശിയാണ് അറസ്റ്റിലായ ഡോക്ടർ ഷാജി കെ. മാത്യു.