കണ്ണൂർ: കഴിഞ്ഞ അഞ്ചു മാസത്തെ സ്‌റ്റൈപ്പന്റ് തുക ലഭിക്കാത്തതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. ഡി.എം.ഒ യുമായി ഇന്നലെ ചർച്ച നടത്തിയെങ്കിലും അനുകൂല നിലപാട് ഇല്ലാത്തതിനാൽ സമരം തുടരാനാണ് തീരുമാനമെന്ന് ഹൗസ് സർജൻ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഫീസ് അടയ്ക്കാത്തതിനാൽ സ്‌റ്റൈപ്പന്റ് നൽകാനാകില്ലെന്നും നിലവിലെ സാഹചര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നുമുള്ള നിലപാടിൽ മെഡിക്കൽ കോളജ് അധികൃതർ ഉറച്ചു നിൽക്കുകയാണ്. ധനമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയുമായും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ പ്രേമലത, ഡി.എം.ഒ എന്നിവരുമായും ഹൗസ് സർജൻസ് അസോസിയേഷൻ പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല.

സമയം സമരത്തിന് പിന്തുണ അറിയിച്ച് പി.ജി അസോസിയേഷൻ കഴിഞ്ഞ ദിവസം സൂചനാ സമരം നടത്തിയിരുന്നു. അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ഭാരവാഹികൾ സൂചന നൽകുകയും ചെയ്തിട്ടുണ്ട്. ഐ.എം.എ, ഗവ. നഴ്‌സസ് യൂനിയൻ, എൻ.ജി.ഒ അസോസിയേഷൻ എന്നീ സംഘടനകളും സമരത്തിന് പിന്തുണ നൽകുന്നുണ്ട്. കണ്ണൂർ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസുമാരുടെ അനിശ്ചിത കാല സമരം ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനം താറുമാറാക്കുമോയെന്ന ആശങ്ക രോഗികളിൽ ഉയർന്നിട്ടുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിലെ സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന ആതുരാലയമാണിത്. കഴിഞ്ഞ ദിവസം മഞ്ഞപിത്തം ബാധിച്ചു ചികിത്സ തേടിയ ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചുവെന്ന ആരോപണമുയർന്നിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.