തിരുവല്ല: ബീഗിള്‍ ഇനത്തില്‍പ്പെട്ട നായയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമം. കടപ്ര തുള്ളല്‍ കളത്തില്‍ എസ്എസ് റെസിഡന്‍സില്‍ ഷിബുവിന്റെ നായയെ ആണ് വ്യാഴാഴ്ച രാത്രി കൊലപ്പെടുത്തുവാന്‍ ശ്രമം നടന്നത്. പോലീസ് നായയായി ഉപയോഗിക്കുന്ന ഇനമാണ് ബീഗിള്‍. രാത്രി പന്ത്രണ്ട് മണിക്ക് ഗേറ്റ് തുറന്നപ്പോള്‍ പുറത്ത് ഇറങ്ങിയ നായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു.

അടിയുടെ ആഘാതത്തില്‍ തലച്ചോറ് വരെ പുറത്ത് വന്നു. മൂക്കിന്റെ പാലവും തകര്‍ന്നു. ചെങ്ങന്നൂര്‍ വെറ്റിനറി ആശുപത്രിയില്‍ കൊണ്ടുപോയ നായയെ ഡോ. സുനില്‍ കുമാറിന്റെ നേത്യത്വത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ഓപ്പറേഷന് വിധേയമാക്കി. ഓപ്പറേഷന്‍ നടത്തിയെങ്കിലും അപകട നില തരണം ചെയ്യതിട്ടില്ല.

പുളിക്കീഴ് പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ സി.കെ.അജിത്ത്കുമാര്‍, എസ്.ഐമാരായ സുരേന്ദ്രന്‍, കുരുവിള എന്നിവരുടെ നേത്യത്വത്തില്‍ അന്വേഷണം നടത്തി വരുന്നു. പ്രദേശത്ത് മദ്യപന്‍ന്മാരുടെയുംസാമൂഹിക വിരുദ്ധരുടെയും ശല്യം കൂടുതലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.