- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മാസത്തിനിടെ മൂന്നു പശുക്കളെ കൊന്നു; കടുവയെ പിടിക്കാൻ കൂടുകൾ മാറ്റി മാറ്റി സ്ഥാപിച്ചു; ഒടുവിൽ കൂട്ടിൽ കുടുങ്ങിയത് കടുവയ്ക്ക് പകരം പട്ടി
പത്തനംതിട്ട: റാന്നി പെരുനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കുടുക്കാൻ സ്ഥാപിച്ച കുട്ടിൽ കുടുങ്ങിയത് പട്ടി. കോട്ടമലയിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് വെള്ളിയാഴ്ച രാവിലെ പട്ടിയെ കുടുങ്ങിയ നിലയിൽ കണ്ടത്. ഒരു മാസത്തിനിടെ മൂന്നു പശുക്കളെയാണ് കടുവ കൊന്നത്. ഇതേ തുടർന്നാണ് കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്. കടുവ ആക്രമിക്കുന്നതിന് അനുസരിച്ച് കൂടുകളും മാറ്റി വച്ചു പോന്നു. അതിനിടെയാണ് പട്ടി കുടുങ്ങിയിരിക്കുന്നത്.
ഏറ്റവുമൊടുവിൽ കോട്ടമലയിലാണ് കടുവയുടെ ആക്രമണത്തിൽ പശു ചത്തത്. കഴിഞ്ഞ മാസം പശുവിനെ ആക്രമിച്ചു കൊന്നതിന് സമീപത്തുനിന്നും ഏതാണ്ട് 300 മീറ്റർ മാത്രം അകലത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. മാമ്പ്രത്ത് രാജന്റെ പ്രസവിക്കാറായ രണ്ടാമത്തെ പശുവിനെയാണ് കടുവ കൊലപ്പെടുത്തിയത്.
പശുക്കളെ പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ സമാനമായ ആക്രമണമാണ് നടന്നിട്ടുള്ളത് എന്ന് ഡോക്ടറും ശരിവയ്ക്കുന്നു. പൂർണ ഗർഭിണി പശുക്കളെ ആക്രമിച്ച് കൊന്ന് ഗർഭപാത്രം കടുവ എടുത്തുകൊണ്ടു പോയിരുന്നു. തുടർച്ചയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ സ്ഥാപിച്ചിരുന്ന കൂട് കഴിഞ്ഞ ദിവസം ആക്രമണം നടന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം ആക്രമണത്തിനിരയായി ചത്ത പശുവിനെത്തന്നെ കൂടിനുള്ളിൽ നിക്ഷേപിച്ചിരുന്നു. തുടരെയുള്ള കടുവ ആക്രമണത്തിൽ ഭയന്നു നിന്ന പെരുനാട് നിവാസികൾ ഒരു മാസത്തെ ഇടവേളയിൽ ആശ്വസിച്ചിരിക്കുമ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് വീണ്ടും പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തി. രാത്രിയിൽ വനം വകുപ്പിന്റെയും പൊലീസിന്റെയും പട്രോളിങ് ഉണ്ടാകും. കടുവയെ പിടികൂടാൻ 24 അംഗ സംഘത്തെ നിയോഗിച്ചുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്