കൊച്ചി: കൊച്ചി നഗരത്തിൽ പട്ടാപകൽ കാൽലക്ഷത്തിലേറെ വിലയുള്ള നായക്കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. തൃക്കാക്കര കെന്നഡിമുക്കിൽ താമസിക്കുന്ന ആൻസി ആനന്ദിന്റെ 3 വയസ്സ് പ്രായമുള്ള ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയെയാണ് നഷ്ടപ്പെട്ടത്. റോഡിലേക്ക് ഇറങ്ങിയോടിയ നായക്കുട്ടിയെ 2 യുവാക്കൾ കാറിലെത്തി പിടിച്ചുകൊണ്ടുപോയെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ തുറന്ന് കിടന്ന ഗേറ്റിലൂടെ നായക്കുട്ടി പുറത്ത് ചാടുകയായിരുന്നു. ഇവിടെ നിന്ന് റോഡിലൂടെ കുറച്ച് ദൂരം ഓടിയ നായക്കുട്ടിയെ കണ്ടതോടെ വാഹനങ്ങൾ നിർത്തിയതോടെ ചെറിയ ഗതാഗത കുരുക്കായി. സമീപത്തു നിന്നുള്ള കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ വച്ച് നായയെ കണ്ടെന്ന് വീട്ടമ്മ പറഞ്ഞു. ഇതിനിടയിൽ വെള്ള കാറിലെത്തിയ 2 യുവാക്കൾ നായക്കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ദൃക്സാക്ഷികൾ പറയുന്നു.

ഇതോടെ കടുത്ത ആശങ്കയിലായ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് സമീപത്തെ സി.സി.ടി.വി ആശ്രയിച്ച് യുവാക്കളെത്തിയ കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സമൂഹമാധ്യമങ്ങളിലും വിവരം പങ്കുവെച്ച കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.