തൃശൂർ: ഡോക്ടറുടെ നേതൃത്വത്തിൽ വ്യാജമദ്യം നിർമ്മിക്കുന്ന സംഘം കുടുങ്ങി. പെരിങ്ങോട്ടുകരയിൽ ഡോ. അനൂപ് ഉൾപ്പടെ ആറ് പേരാണ് എക്സൈസിന്റെ പിടിയിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ ഡോ. അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഹോട്ടലിന്റെ മറവിൽ വൻതോതിൽ വ്യാജമദ്യം നിർമ്മിച്ചിരുന്ന പെരിങ്ങോട്ടുകരയിലെ കേന്ദ്രമാണ് കണ്ടെത്തിയത്. ഇരിങ്ങാലക്കുടയിലെ ഡോക്ടർ അനുപിന്റെ നേതൃത്വത്തിലായിരുന്നു വ്യാജമദ്യനിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അറസ്റ്റിലായ ഡോക്ടർ സിനിമകളിലും അഭിനയിച്ചിരുന്നു. എക്സൈസ് നടത്തിയ റെയ്ഡിൽ ഇവിടെ നിന്നും 1200 ലിറ്റർ മദ്യം പിടിച്ചെടുത്തു. കർണാടകയിൽ നിന്നും സ്പിരിറ്റ് എത്തിച്ച് ഇവിടെ നിന്നും മദ്യം ഉണ്ടാക്കി വ്യാജലേബൽ ഒട്ടിച്ച് വിൽപ്പന നടത്താനായിരുന്നു ഇവരുടെ ശ്രമം.

ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങളുടെ മറവിൽ വൻലാഭം പ്രതീക്ഷിച്ചാണ് ഇത്തരത്തിൽ ഒരു യൂണിറ്റ് പ്രവർത്തിച്ചത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ അഞ്ച് മണിയോടെ നടത്തിയ റെയ്ഡിലാണ് വ്യാജമദ്യം പിടിച്ചെടുത്തത്.