- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച് കടക്കാൻ ഫോണിലൂടെ ടിപ്സ് പറഞ്ഞു നൽകി; 'ആശാൻ' കുടുങ്ങി; ഡ്രൈവിങ് സ്‌കൂളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനിടെ മൊബൈൽ ഫോണിലൂടെ നിർദേശങ്ങൾ നൽകി പരീക്ഷാർഥികളെ എച്ച് കടമ്പ കടക്കാൻ സഹായിച്ച ഏലൂർ ഉദ്യോഗമണ്ഡൽ ഡ്രൈവിങ് സ്‌കൂളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവിങ് ടെസ്റ്റിനിടെ ഇൻസ്ട്രക്ടർ മൊബൈൽ ഫോണിലൂടെയാണ് പരീക്ഷാർഥികൾക്ക് നിർദേശങ്ങൾ നൽകിയിരുന്നത്.
എച്ച് എടുക്കുമ്പോൾ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്ത് ഇത് നിരീക്ഷിച്ച് കൊണ്ട് നിൽക്കുന്ന ഇൻസ്ട്രക്ടർ ഓരോ വളവിലും തിരിവിലും സ്റ്റിയറിങ് കൃത്യമായി തിരിക്കാനുള്ള നിർദേശമാണ് ഫോണിലൂടെ നൽകിയത്. ഇരുമ്പു കമ്പികൾ നാട്ടി റിബൺ കെട്ടി തിരിച്ച എച്ചിനകത്ത് കാറിന്റെ ദിശയ്ക്ക് അനുസരിച്ച് ഇൻസ്ട്രക്ടർ നിർദ്ദേശം നൽകുന്നതിനാൽ പരീക്ഷാർഥിക്ക് ഒരു കമ്പിയിലും തട്ടാതെ കൃതമായി പരീക്ഷ പൂർത്തിയാക്കാനാകും. ആലുവയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലാണ് ഉദ്യോഗമണ്ഡൽ ഡ്രൈവിങ് സ്‌കൂളുകൾ ഹൈടെക് തട്ടിപ്പിലൂടെ പരീക്ഷാർഥികളെ വിജയിപ്പിച്ചത്.
ഈ സ്‌കൂളിലെ ഭൂരിഭാഗം പരീക്ഷാർഥികളും എളുപ്പത്തിൽ എച്ച് കടമ്പ കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ നിരീക്ഷണം ശക്തമാക്കിയപ്പോഴാണ് സ്‌കൂളിലെ ഇൻസ്ട്രക്ടർ സമീപത്തു മാറി നിന്ന് ഫോണിൽ നിർദ്ദേശം നൽകുന്നത് കണ്ടെത്തിയത്. ആലുവ ജോയിന്റ് ആർടിഒ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആർടിഒ ജി അനന്തകൃഷ്ണൻ ഡ്രൈവിങ് സ്‌കൂളിന്റെ ലൈസൻസ് മൂന്ന് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തത്.
ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ ഈ സ്‌കൂളിന്റെ മേൽനോട്ടത്തിൽ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിച്ചിട്ടുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ജനുവരി ഒന്നുമുതലാണ് സസ്പെൻഷന് പ്രാബല്യം നൽകിയിരിക്കുന്നത്.




