- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലുറപ്പ് തൊഴിൽ നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കണമെന്ന് കേന്ദ്രം; കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഉത്തരവിറക്കി; തീരുമാനം തൊഴിലാളികളെ ദ്രോഹിക്കാനെന്ന് യൂണിയനുകൾ
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷിക്കാൻ കേന്ദ്രതീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഉത്തരവിറക്കി. പദ്ധതി വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കുന്നത് പതിവായിരിക്കേയാണ് കേന്ദ്രത്തിന്റെ വിചിത്ര തീരുമാനം.
പദ്ധതിയുടെ വിലയിരുത്തൽ, പൂർത്തിയാക്കിയ ജോലികളുടെ കണക്കെടുപ്പ്- മൂല്യനിർണയം- പരാതി സംബന്ധിച്ചുള്ള പരിശോധന എന്നിവയ്ക്കായാണ് ഡ്രോണുകൾ ഉപയോഗിക്കുക. ഇതു സംബന്ധിച്ചാൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോസിജീയർ (എസ്ഒപി ) മന്ത്രാലയം പുറത്തിറക്കി. എന്നാൽ ഡ്രോൺ വാങ്ങുന്നതിനുള്ള തുക സംസ്ഥാന സർക്കാരുകളാണ് കണ്ടെത്തേണ്ടത്. ഒരേ സമയം 20 തൊഴിലിടങ്ങൾ പഞ്ചായത്തുകളിൽ പാടില്ലെന്ന ഉത്തരവിറക്കി പദ്ധതി തന്നെ തകർക്കാൻ നടത്തിയ ശ്രമത്തിൽനിന്ന് കേരളത്തിലെ തൊഴിലാളികൾ ഒന്നടങ്കം പ്രക്ഷോഭ രംഗത്ത് ഇറങ്ങിയതോടെയാണ് കേന്ദ്രം പിന്മാറിയത്.
പണിയായുധങ്ങൾ തൊഴിലാളികൾക്ക് നിഷേധിച്ച കേന്ദ്ര സർക്കാരാണ് നിരീക്ഷണത്തിന് ഡ്രോൺ സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തണമെന്ന വിചിത്ര ഉത്തരവ് ഇറക്കിയത്. ഡ്രോൺ സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കില്ല.
തൊഴിൽ രഹിതരായ ജനങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ മോദി സർക്കാർ വെട്ടിച്ചുരുക്കൽ നടത്തി തൊഴിലാളികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അവസരത്തിലാണ് ഡ്രോൺ പരീക്ഷണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. തീരുമാനം തൊഴിലാളികളെ സഹായിക്കാനല്ല ദ്രോഹിക്കാനാണെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ പറഞ്ഞു.




