കോഴഞ്ചേരി: കൂട്ടുകാര്‍ക്കൊപ്പം പമ്പ നദിയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. പത്തനംതിട്ട മേലേവെട്ടിപ്രം മുണ്ടുകോട്ടയ്ക്കല്‍ കുംബാങ്ങല്‍ തടത്തില്‍ വീട്ടില്‍ സൂര്യയുടെ മകന്‍ നിരഞ്ജന്‍ (18) ആണ് മരിച്ചത്. കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സഹപാഠികളായ ആറു പേര്‍ ചേര്‍ന്ന് കോഴഞ്ചേരി പമ്പ് ഹൗസിന് സമീപമുള്ള കടവില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതില്‍ നിരഞ്ജന്‍ ഒഴുക്കില്‍പ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ഇറങ്ങി ഇയാളെ കരയിലേക്ക് വലിച്ച് അടുപ്പിച്ചു കൊണ്ടു വരുന്നതിനിടെ കൈവിട്ട് ഒഴുകിപ്പോവുകയായിരുന്നു.

വിവരമറിഞ്ഞ് പത്തനംതിട്ടയില്‍ നിന്ന് ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ഡൈവിങ് ടീം എത്തി. ഒഴുക്കില്‍പ്പെട്ട ഭാഗത്ത് ഡിങ്കി ബോട്ട് ഇറക്കാന്‍ കഴിയാത്തതിനാല്‍ അല്‍പം താഴേക്ക് മാറിയാണ് ഇറക്കിയത്. ഇതിനിടെ നാട്ടുകാരും തിരയാന്‍ ഇറങ്ങിയിരുന്നു. ഒഴുക്കില്‍പ്പെട്ട ഭാഗത്ത് നിന്ന് അല്‍പം മാറി തെരച്ചില്‍ നടത്തിയ നാട്ടുകാരനാണ് മൃതദേഹം എടുത്തത്. മൃതദേഹം കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിലേക്ക് മാറ്റി.