ആലപ്പുഴ: ക്രിസ്മസ് പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് എക്സൈസിന്റെ പ്രത്യേക പരിശോധനയ്ക്കിടെ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റേഡിയോളജിസ്റ്റായ യുവാവ് കുടുങ്ങിയത്. കളർകോട് വടക്കേനട റെസിഡന്റ്സ് അസോസിയേഷൻ ദക്ഷിണയിൽ മുഹമ്മദ് അലീഷാൻ നൗഷാദി ( 24 ) നെയാണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ പരിസരത്തു നിന്ന് എംഡിഎംഎയും ചരസുമായാണ് ഇയാൾ പിടിയിലായത്.

എക്സൈസ് ഇൻസ്പെക്ടർ എസ്. എസ്. സച്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 24കാരനെ പിടികൂടിയത്. ഇയാളിൽ നിന്ന് അഞ്ചുഗ്രാം എംഡിഎംഎയും നാല് ഗ്രാം ചരസും എക്സൈസ് പിടിച്ചെടുത്തു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ ലഹരി മരുന്നുകൾ ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ കടത്തുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ബെംഗളൂരുവിൽ റേഡിയോളജിസ്റ്റിയി ജോലി ചെയ്യുന്ന യുവാവ് ക്രിസ്തുമസ് കാലത്ത് വിൽപന നടത്താൻ ലക്ഷ്യമിട്ടാണ് കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിച്ചത്.