തലശേരി: തലശേരി നഗരമധ്യത്തിൽ പൊലീസ് നടത്തിയ മിന്നൽ റെയ്ഡിൽ ഇരുപതു ഗ്രാം ബ്രൗൺ ഷുഗറുമായി നാലംഗ സംഘം അറസ്റ്റിൽ. സിന്തറ്റിക്ക് ലഹരി വിൽക്കുന്നതിനായി ഡൽഹി രജിസ്ട്രേഷനിലുള്ള ആഡംബര കാറിലെത്തിയ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

ഇതിനിടയിൽ കേസിലെ മുഖ്യപ്രതി ജീപ്പിന്റെ ബോണറ്റിൽ സ്വയം തലയിടിച്ചു പരുക്കേൽപ്പിച്ച് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.രക്തത്തിൽ കുതിർന്നു പ്രതിയെ പൊലിസ് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലാട് ബന്നൂസ് സ്മാരക വായനശാലയ്ക്കു സമീപത്തെ സാദ് അഷ്റഫ്(26) ചാലാട് പന്നേൻപാറയിലെ ദീപക്(32) ചാലാടിലെ സന്തോഷ്(26) പാപ്പിനിശേരി അഞ്ചാംപീടികയിലെ മുഹമ്മദ് ഫൈസൽ(27) എന്നിവരെയാണ് തലശേരി സി. ഐ എം. അനിൽ എസ്. ഐമാരായലിനേഷ്, രാജീവൻവളയം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.

വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ തലശേരി സ്റ്റേഡിയത്തിന് മുൻപിൽ വച്ചാണ് ഇവർ പിടിയിലായത്. ഫോർച്യൂണർ കാറിലെത്തിയ സംഘത്തെ പൊലിസ് പിടികൂടിയ ഉടൻ തന്നെ മുഖ്യപ്രതി സാദ് അഷ്റഫ് തന്റൈ തല പൊലിസ് ജീപ്പിന്റെ ബോണറ്റിലിടിക്കുകയായിരുന്നു. പ്രതി അപ്രതീക്ഷിതമായി പരാക്രമം കാണിച്ചത് പൊലീസിനെ അമ്പരപ്പിച്ചു. തുടർന്ന് ഇയാളെ തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ ജില്ലയിലെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ്സാദ് അഷ്റഫെന്ന് പൊലിസ് പറഞ്ഞു.

ഇയാൾക്കെതിരെ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ കേസുണ്ട്. വലയിലായ നാലുപേരെയും വിശദമായി ചോദ്യം ചെയ്തതിനു ശേഷം് തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് വ്യാപനം വർധിച്ചതിനെ തുടർന്ന് പൊലിസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.ുപിടിയിലായ പ്രതികൾ ഡൽഹിയിൽ നിന്നാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതെന്നാണ് വിവരം. തലശേരി, കണ്ണൂർ ഭാഗങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്ന് എത്തിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണറിപ്പോർട്ട്.അറസ്റ്റിലായവരിൽ ദീപക് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ നിന്നും കല്ലെറിഞ്ഞു പരുക്കേൽപ്പിച്ച കേസിലെ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.