കോതമംഗലം:ചില്ലറവിൽപ്പന നടത്തുന്നതിനായി നൂറോളം ചെറുകുപ്പികളിലാക്കിയ ബ്രൗൺ ഷുഗറുമായി അസം സ്വദേശി കോതമംഗലത്ത് പിടിയിൽ.തങ്കളം ഭാഗത്ത് അർധരാത്രി എക്സൈസ് നടത്തിയ റെയ്ഡിലാണ് അസം നാഘോൻ സ്വദേശിയായ മുബാറക് (28) പിടിയിലായത്.

രാത്രി കാലങ്ങളിൽ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ്, ബ്രൗൺ ഷുഗർ, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകളുടെ വില്പനയും വിതരണവും നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുബാറക് പിടിയിലായത്.

വെള്ളിയാഴ്ച രാത്രി തങ്കളം-കാക്കനാട് ബൈപ്പാസ് റോഡിൽ നിന്നുമാണ് ബ്രൗൺ ഷുഗർ നിറച്ച കുപ്പികളുമായി പ്രതിയെ പൊലീസ് പിടികൂടിയത്.ബ്രൗൺ ഷുഗർ എത്തിച്ച് ചില്ലറ വിതരണം നടത്തിയിരുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.ബൈക്കിൽ സഞ്ചരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്നതായിരുന്നു പതിവ്.ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടന്നത്.പ്രിവന്റീവ് ഓഫീസർമാരായ കെ.എ. നിയാസ്, ജയ് മാത്യു, എ.ജെ. സിദ്ദിഖ്, സിഇഒ.മാരായ കെ.സി. എൽദോ, എം.എം. നന്ദു, ബേസിൽ കെ. തോമസ്, ഡ്രൈവർ ബിജു പോൾ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.