കോട്ടയം: കടപ്ലാമറ്റം വയലായില്‍ ലഹരി സംഘം പോലീസിന് നേരെ ആക്രമണം നടത്തി. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സിപിഒമാരായ മഹേഷ്, ശരത്, ശ്യാംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലഹരി ഉപയോഗിച്ച ശേഷം ബഹളമുണ്ടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനാണ ആക്രമണം നേരിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് വയലാ സ്വദേശികളായ ആറുപേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൈലാസ് കുമാര്‍, ദേവദത്തന്‍, അര്‍ജുന്‍ ദേവരാജ്, ജെസിന്‍ ജോജോ, അതുല്‍ പ്രദീപ്, അമല്‍ ലാലു എന്നിവരാണ് പിടിയിലായത്. പൊലീസ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മരങ്ങാട്ടുപിള്ളി പോലീസ് അറിയിച്ചു.

ലഹരി സംഘത്തില്‍ കൂടുതല്‍ ആരൊക്കെ ഉള്‍പ്പെട്ടിരിയ്ക്കുന്നു എന്നതടക്കം വിശദമായ അന്വേഷണം നടക്കുന്നു. സംഭവം പൊലീസിന്റെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.