പത്തനംതിട്ട: സ്ഥാപനത്തിന് മുന്നില്‍ നിന്നയാളോട് വാക്കേറ്റമുണ്ടാവുകയും മറ്റും ചെയ്യുന്നതു കണ്ട് തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍, അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലും സ്ഥാപനത്തിന്റെ മുന്‍വശത്തെ ചില്ലുവാതിലിലും വാഹനം ഇടിച്ചുകയറ്റി നാശനഷ്ടമുണ്ടാക്കുകയും, ആക്രമണം നടത്തുകയും ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു. കലഞ്ഞൂര്‍ വയലിറക്കത്ത് പുത്തന്‍പുരയില്‍ ഹൗസില്‍ സോഫി എന്ന് വിളിക്കുന്ന ജോണ്‍ വര്‍ഗീസ് (80), കലഞ്ഞൂര്‍ കുറ്റുമണ്‍ , ബിജോ ഭവന്‍ വീട്ടില്‍ ബിനു കെ വര്‍ഗീസ് (52) എന്നിവരാണ് റിമാന്‍ഡിലായത്. കലഞ്ഞൂര്‍ വലിയപ്പള്ളിക്ക് സമീപമുള്ള പെര്‍ഫെക്റ്റ് വര്‍ഷോപ്പിന് മുന്നില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.

ഒന്നാം പ്രതി ജോണ്‍ വര്‍ഗീസിന്റെ വീടിനു സമീപത്ത് ഉള്ള വിഷ്ണു എന്നയാളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, തുടര്‍ന്ന് ഇയാളെ വാഹനം കൊണ്ട് ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ജീവനക്കാര്‍ സ്ഥാപനത്തിന് മുമ്പില്‍ വച്ച് വഴക്കുണ്ടാക്കരുത് എന്ന് പറഞ്ഞ വിരോധമാണ് കടയിലേക്ക് പ്രതിയുടെ കാര്‍ കൊണ്ട് ഇടിച്ചു കയറ്റി അപകടം ഉണ്ടാക്കിയത്. മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിക്കുകയും സ്ഥാപനത്തിന്റെ ചില്ലുവാതില്‍ തകര്‍ക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.മാനേജര്‍ പിടവൂര്‍ സത്യന്‍ മുക്ക് ബിജു ഭവനില്‍ ബിജു ജോണിന്റെ മൊഴി പ്രകാരം കൂടല്‍ പോലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കല്ലേറില്‍ ജീവനക്കാരനായ കൂടല്‍ ഇഞ്ചപ്പാറ പുലിപ്രയില്‍ റോജന്‍ റോയിയുടെ ഇടതുചെവിയുടെ ഭാഗത്ത് പരിക്കേറ്റു.

എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ചയാളാണ് ഒന്നാം പ്രതി.സ്ഥിരം മദ്യപാനിയും നാട്ടുകാര്‍ക്ക് പൊതുവേ ശല്യം ഉണ്ടാക്കുന്ന ആളുമാണ് രണ്ടാം പ്രതിയെന്നും അന്വേഷണത്തില്‍ വെളിവായി.തെങ്ങുകയറ്റജോലി ചെയ്യാറുള്ള ഇയാളുടെ പക്കല്‍ വെട്ടുകത്തി മിക്കവാറും ഉണ്ടാവും. ഇന്നലെ ഇരുവരും ഒത്തുവന്ന വാഹനത്തില്‍ സൂക്ഷിച്ച വെട്ടുകത്തി കൊണ്ട് ബിനു, ബിജുവിന്റെ കഴുത്തില്‍ വെട്ടാന്‍ ശ്രമിച്ചിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ വെട്ടു കൊണ്ടില്ല. ജോണ്‍ വര്‍ഗീസ് ആണ് റോജനെ കല്ലെറിഞ്ഞത്.

സ്ഥലത്ത് കൊലവിളി നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍, ആക്രമണത്തിന് ശേഷം കാറില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, കോന്നി എലിയറക്കലില്‍ നിന്നും അക്രമികളെ സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടികൂടാന്‍ ശ്രമിക്കവേ പോലീസിനെതിരെ തിരിഞ്ഞ പ്രതികളെ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. സ്ഥാപനത്തില്‍ വാഹനമിടിച്ചു കയറ്റി ചില്ലുകള്‍ പൊട്ടിയപ്പോള്‍ ജോണിന്റെ മുഖത്ത് ഉണ്ടായ പരിക്കിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സര്‍ജനെ കാണിച്ച് മതിയായ ചികിത്സ ലഭ്യമാക്കി.

തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും പോലീസ് തെളിവുകള്‍ ശേഖരിച്ചു. കാറില്‍ നിന്ന് വെട്ടുകത്തിയും കണ്ടെടുത്തു. സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. മദ്യപിച്ച് മദോന്മത്തരായ പ്രതികള്‍ സ്റ്റേഷനിലും ബഹളം സൃഷ്ടിച്ചു. രണ്ടാം പ്രതി കൂടല്‍ സ്റ്റേഷനില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത രണ്ട് കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.