- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ രണ്ടുദിവസം മദ്യം കിട്ടില്ല; ചൊവ്വാഴ്ച വൈകീട്ട് മുതൽ ഡ്രൈ ഡേ; ഉത്തരവ് പുറത്തിറക്കി അധികൃതർ

തിരുവനന്തപുരം: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ മദ്യവിൽപ്പനയ്ക്ക് രണ്ടുഘട്ടങ്ങളിലായി നിരോധനം ഏർപ്പെടുത്തി. വോട്ടെടുപ്പ് നടക്കുന്നതിനോട് അനുബന്ധിച്ചും, വോട്ടെണ്ണൽ ദിനത്തിലുമാണ് മദ്യശാലകൾ അടഞ്ഞുകിടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് 48 മണിക്കൂർ മുൻപ്, അതായത് ഏപ്രിൽ ഏഴിന് ചൊവ്വാഴ്ച വൈകീട്ട് ഏഴുമണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രിൽ ഒമ്പത് വ്യാഴാഴ്ച വൈകീട്ടുവരെയാണ് ആദ്യഘട്ട ഡ്രൈ ഡേ. ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ മദ്യവിൽപ്പന പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ, വോട്ടെണ്ണൽ ദിനമായ മേയ് നാലിനും കേരളത്തിൽ മദ്യവിൽപ്പന ഉണ്ടാകില്ല.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135C പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ യാതൊരുവിധ ലഹരിപദാർത്ഥങ്ങളും വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യഷാപ്പുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ മദ്യം വിളമ്പുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. പ്രത്യേക ലൈസൻസുള്ള സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളിൽ മദ്യം വിളമ്പാൻ അനുവാദമുണ്ടാകില്ല.
വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ മദ്യക്കടത്ത് തടയുന്നതിനായി അയൽ സംസ്ഥാനങ്ങളുമായുള്ള അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്താൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാൽ, റീപോളിങ് നടക്കുന്ന ദിവസവും ആ മേഖലകളിൽ ഡ്രൈ ഡേ ആയിരിക്കും. എക്‌സൈസ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണർക്കും പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.


