തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി 21 ദിവസത്തെ നീണ്ട യാത്രയ്ക്ക് ശേഷം ഒടുവിൽ അറബിക്കടലിൽ ഗുജറാത്ത് തീരത്തുകൂടി കരയൊഴിഞ്ഞു. കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. ഒക്ടോബർ 14-ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ പ്രതിഭാസം, പിന്നീട് അറബിക്കടലിൽ ദിശ തെറ്റി സഞ്ചരിക്കുകയായിരുന്നു.

ഈ കാലയളവിൽ, സമാനമായ മറ്റൊരു ചക്രവാതച്ചുഴി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് 'മോൻതാ' ചുഴലിക്കാറ്റായി കരയിൽ പ്രവേശിച്ച് ദുർബലപ്പെടുകയുണ്ടായി. എന്നാൽ, പിന്നീട് മ്യാൻമർ-ബംഗ്ലാദേശ് തീരത്തിന് സമീപം വീണ്ടും ഒരു ന്യൂനമർദ്ദം രൂപപ്പെടുകയും, ഇതിന്റെ തുടർച്ചയായാണ് നിലവിലെ ചക്രവാതച്ചുഴി ഗുജറാത്ത് തീരത്തുകൂടി കരയൊഴിഞ്ഞത്.

ഈ സാഹചര്യത്തിൽ കേരളത്തിൽ വരണ്ട അന്തരീക്ഷ സ്ഥിതി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പകൽ സമയത്ത് ചൂടും, അതിരാവിലെ തണുപ്പും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നവംബർ 5-ന് രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.