- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎ സ്ഥാനത്തിരുന്ന് കുഴൽനാടൻ കള്ളപ്പണം വെളുപ്പിച്ചു: സമരത്തിനൊരുങ്ങി ഡിവൈഎഫ്‌ഐ; നാളെ എംഎൽഎ ഓഫീസിലേക്ക് മാർച്ച്
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ സമരത്തിന് ഡിവൈഎഫ്‌ഐ. എംഎൽഎക്കെതിരായ ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണ് എംഎൽഎയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വി കെ സനോജ് ആരോപിച്ചു. ചിന്നക്കനാലിലെ ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ട്.
ആരോപണങ്ങൾക്ക് മറുപടി പറയാതെ മാത്യു കുഴൽനാടൻ വെല്ലുവിളിക്കുകയാണ്. എംഎൽഎ സ്ഥാനത്തിരുന്ന് കള്ളപ്പണം വെളുപ്പിക്കുന്നു. പട്ടയം തിരുത്തി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. എംഎൽഎയുടെ ജനവഞ്ചനയ്ക്കെതിരെ ഡിവൈഎഫ്‌ഐ സമരം സംഘടിപ്പിക്കുമെന്നും വി കെ സനോജ് വ്യക്തമാക്കി. നാളെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും.
മാത്യു കുഴൽനാടൻ, നേരത്തെ പോക്‌സോ കേസിലെ പ്രതിയെ രക്ഷിക്കാൻ വേണ്ടി പരസ്യ വക്കാലത്ത് എടുത്ത ആളാണെന്നും വി കെ സനോജ് ആരോപിച്ചു. നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുകയാണ്. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം.
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നൽകിയ പരാതിയിൽ അന്വേഷണം നടത്താനാണ് ശ്രമം. അതേസമയം, മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയിലാണ് നടപടിയുണ്ടാവുക. നാളെ രാവിലെ 11-നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേ നടത്തുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.




