- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും നമ്മുടെ തലമുറ പഠിക്കണം; പാറശ്ശാല സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ; സമീപകാല സംഭവങ്ങൾ പ്രണയത്തിന്റെ വിശാലമായ കാഴ്ച്ചപ്പാടിനെ ഇല്ലാതാക്കുന്നതാണെന്നും പ്രസ്താവന
തിരുവനന്തപുരം: പാറശ്ശാല ഷാരോണ് രാജിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ പറഞ്ഞു.
പാനൂരിലെ വിഷ്ണുപ്രിയയെ പ്രണയപ്പകയിൽ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയിൽ നടത്തിയ ക്രൂരതയാർന്ന കൊലപാതങ്ങൾ ആണ്. നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാമെന്നും ഡിവൈഎഫ്ഐ പ്രസ്തവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം, ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സ്ഥിരീകരിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോൾ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് മെഡിക്കൽ കൊളേജ് ആശുപതിയിലേക്ക് കൊണ്ടുപോയി. ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്.
ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡി.വൈ.എസ്‌പി ഓഫീസിൽ എത്തിച്ചത്. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവെടുപ്പും തുടർനടപടികളും പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് യുവാവിന്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
ഡിവൈഎഫ്ഐ പ്രസ്തവനയുടെ പൂർണരൂപം
പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം.കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്.പാനൂരിലെ വിഷ്ണുപ്രിയയെ പ്രണയപ്പകയിൽ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയിൽ നടത്തിയ ക്രൂരതയാർന്ന കൊലപാതങ്ങൾ ആണ്. മ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്.
ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാം... പാറശാലയിലെ ഷാരോണിന് ആദരാഞ്ജലികൾ.




