കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാർക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ടാണ് സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഐഎഎസിന് നോട്ടീസ് നൽകിയിട്ടുള്ളത്.

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സഹകരണ രജിസ്ട്രാർ ഹാജരായിരുന്നില്ല. തലേന്ന് രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്നും, അസൗകര്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ടിവി സുഭാഷ് ഇഡി ഓഫീസിൽ ഹാജരാകാതിരുന്നത്.

അതേസമയം ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് റബ്കോ എംഡി പിവി ഹരിദാസന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. റബ്കോയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി ചോദിച്ചിരുന്നു. രേഖകൾ ഇന്നു ഹാജരാക്കാമെന്ന് ഹരിദാസൻ അറിയിച്ചിട്ടുണ്ട്

കരുവന്നൂർ ബാങ്ക് റബ്കോയിൽ പണം നിക്ഷേപിച്ചിരുന്നു. പ്രതിസന്ധി ഉയർന്നതോടെ, ഈ നിക്ഷേപം തിരികെ വാങ്ങാൻ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് ഇതു നടന്നില്ല. ബാങ്കിൽ തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയും അന്വേഷണവും നടന്നിരുന്നു.