കണ്ണൂർ: കമ്യൂണിസ്റ്റ് നേതാക്കളെ പോലെ ജനങ്ങൾക്കിടെയിൽ ജീവിച്ച കോൺഗ്രസ് നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ ജനങ്ങൾക്കിടെയിൽ കാത്തുസൂക്ഷിച്ച മാതൃകാനേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിലൂടെയായിരുന്നുകോൺഗ്രസ് ജനങ്ങൾക്കിടെയിൽ പിടിച്ചുനിന്നത്. അൻപത്തിമൂന്ന് വർഷം ഒരേമണ്ഡലത്തിൽ നിന്നും ജയിക്കുകയെന്നത് കേരളത്തിൽ മാത്രമല്ല രാജ്യത്തു തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.

ഉമ്മൻ ചാണ്ടിക്ക് ലഭിച്ച ജനകീയ അംഗീകാരത്തിന്റെ തെളിവാണത്്. വികസനോന്മുഖമായ കേരളത്തെ സ്വപ്നം കാണുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തയാളാണ് ഉമ്മൻ ചാണ്ടി. ഉന്നത ദേശീയനേതാവായിരിക്കുമ്പോഴും കേരളത്തിന്റെ വികസനത്തെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത്. ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിന്റെ വളർച്ചയ്ക്കു തന്നെ പ്രതികൂലമായിരിക്കുകയാണ്. രോഗബാധിതനായിരിക്കുമ്പോഴും കേരളത്തിന്റെ കാര്യങ്ങളിൽ അദ്ദേഹം താൽപര്യം വെച്ചു പുലർത്തിയിരുന്നു.

രാഷ്ട്രീയത്തിനപ്പുറം രാജ്യനന്മയ്ക്കും വേണ്ടി പ്രവർത്തിക്കുകയും വികസനകാര്യങ്ങളൽ പിൻതുണയും ഉമ്മൻ ചാണ്ടിനൽകിയിട്ടുണ്ട്. ഈ നിലപാട് സ്വന്തം പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടാക്കിയപ്പോഴും അദ്ദേഹം പിന്മാറിയില്ല. ദീർഘകാലത്തെ വ്യക്തിബന്ധം താനും ഉമ്മൻ ചാണ്ടിയുമായുണ്ടെന്ന് ഇ.പി ജയരാജൻ അനുസ്മരിച്ചു. 1977- ൽ കെ. എസ്.വൈ. എഫ് ഭാരവാഹിയായിരുന്ന കാലത്ത് തൊഴിലില്ലായ്മ വേതനം നൽകണമെന്ന് അന്നത്തെ സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെട്ടു. അന്നത്തെ തൊഴിൽവകുപ്പ് മന്ത്രിയായ ഉമ്മൻ ചാണ്ടി ഈക്കാര്യം ചർച്ച ചെയ്യുന്നതിനായി കണ്ണൂർ ടൗൺ ഹാളിൽ ഒരു കൂടിയാലോചന യോഗം വിളിച്ചു.

തൊഴിൽരഹിതർക്ക് തെഴിലില്ലായ്മ വേതനം നൽകണമെന്ന് ഞാനടക്കമുള്ള യുവജന സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ഞങ്ങൾ പറയുന്നതെല്ലംാ നിശബ്ദനായി ശ്രദ്ധയോടെ കേൾക്കുകയാണ് ഉമ്മൻ ചാണ്ടി ചെയ്തത്. അതിനു ശേഷം യോഗം കഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി എന്നെ സ്വകാര്യമായി വിളിച്ചു പറഞ്ഞു. നിങ്ങൾ പറയുന്നതിനോടൊല്ലാം എനിക്കും യോജിപ്പുണ്ട്. പക്ഷെ ഇതു നൽകണമെങ്കിൽ സർക്കാരിന്റെ സാമ്പത്തിക നിലഭദ്രമല്ലെന്ന്.

പണമുണ്ടാക്കാൻ നോക്കുന്നുണ്ടെന്നും ലഭിച്ചുകഴിഞ്ഞാൽ ഈക്കാര്യം പരിഗണിക്കുമെന്ന ഉറപ്പുനൽകിയാണ് അദ്ദേഹം പറഞ്ഞുവിട്ടത്. നിയമസഭാസാമാജികനായ കാലത്തും മന്ത്രിയായിരിക്കുമ്പോഴും നല്ലബന്ധമായിരുന്നു സൂക്ഷിച്ചിരുന്നത്. കെ. കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർമുഖ്യമന്ത്രിമാരായി ഇരിക്കുന്ന കാലയളവിൽ പലകാര്യങ്ങളിലും ബന്്ധപ്പെട്ടിട്ടുണ്ട്. എന്നാൽ വിശാല ഹൃദയത്തോടെ നമ്മൾ പറയുന്ന ഓരോ കാര്യങ്ങളെ കുറിച്ചും ശ്രദ്ധിക്കാനും പഠിക്കാനും തയ്യാറായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ഇ.പി ജയരാജൻ പറഞ്ഞു.

താൻ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് കോട്ടയത്തെ ചില വ്യവസായ സ്ഥാപനങ്ങളുടെ ഐ. എൻ.ടി.യു.സി ഭാരവാഹിയായിരുന്നു ഉമ്മൻ ചാണ്ടി. ഇത്തരം സ്ഥാപനങ്ങളിൽ തൊഴിൽപ്രശ്നങ്ങൾ വരുമ്പോൾ അദ്ദേഹം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തെ നേരിൽ പോയി കണ്ടു പരിഹരിക്കാൻ കഴിയുന്നവ ചർച്ച ചെയ്തു പരിഹരിച്ചിരുന്നുവെന്നും ഇ.പി ജയരാജൻ പറഞ്ഞു.

ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും അദ്ദേഹത്തെ ഞങ്ങൾ വിമർശിച്ചിരുന്നു. രാഷ്ട്രീയപരമായിവിമർശനമായാണ് ഉമ്മൻ ചാണ്ടി അതിനെ കണ്ടിരുന്നത്. ഒരിക്കലും വ്യക്തിപരമായി അതിനെയെടുക്കുകയോ പിന്നെ കാണുമ്പോൾ പരിഭവം പറയുകയോ പ്രതിഷേധാത്മകമായി പ്രതികരിക്കുകയോ അദ്ദേഹം ചെയ്തിട്ടില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. അറുപതുവർഷക്കാലത്തെ സുദീർെഘമായ ബന്ധം അദ്ദേഹവുമായുണ്ട്.

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയായിരുന്നു ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതമെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ കോൺഗ്രസ് പ്രവർത്തകരെയും കുടുംബാംഗങ്ങളെയും എൽ.ഡി. എഫിനു വേണ്ടി അനുശോചനമറിയിക്കുന്നുവെന്നും ഇ.പി ജയരാജൻ പറഞ്ഞു.