കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമ (ഫെമ) ലംഘനമുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി കിഫ്ബി (കേരള ഇഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്)ക്കും ഡോ. തോമസ് ഐസക്കിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ സമൻസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി.

ഹർജിക്കാരുടെ സ്വകാര്യവിവരങ്ങൾ ആരാഞ്ഞ് നൽകിയ സമൻസ് അനാവശ്യമായിരുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ സമൻസ് നൽകരുതെന്നും ചുറ്റിത്തിരിഞ്ഞുള്ള (റോവിങ് എൻക്വയറി) അന്വേഷണം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇഡി തുടർച്ചയായി സമൻസ് അയച്ച നടപടി ചോദ്യം ചെയ്ത് കിഫ്ബിയും ഡോ. തോമസ് ഐസക്കും നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.

തുടർന്ന് കിഫ്ബിക്കും തോമസ് ഐസക്കിനും അയച്ച സമയൻസുകൾ പിൻവലിക്കാമെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതു കോടതി രേഖപ്പെടുത്തി. തുടർന്ന് തോമസ് ഐസക്കിന്റെ ഹർജി പൂർണ്ണമായും കിഫ്ബിയുടെ ഹർജി ഭാഗികമായി അനുവദിച്ചും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട് ഫെമനിയമലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കിഫ്ബിക്കും തോമസ് ഐസക്കിനും നോട്ടീസ് അയച്ചത്. വ്യക്തിഗത വിവരങ്ങൾ അടക്കം ആവശ്യപ്പെട്ട് നൽകിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും തുടർച്ചയായി സമൻസ് അയച്ച് ബുദ്ധിമുട്ടിക്കുന്നതിനെതിരെ കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചു.

തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജിയിൽ സമൻസ് തടഞ്ഞ് ജസ്റ്റിസ് വി ജി അരുൺ 2022ൽ ഇടക്കാല ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ ഉത്തരവ് ഭേദഗതി ചെയ്ത് പുതിയ സമൻസ് അയക്കാൻ നവംബർ 24ന് ഇടക്കാല ഉത്തരവിട്ടു. ഈ ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച് ഹർജി സിംഗിൾബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു.

തുടർന്ന് വീണ്ടും ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ഹർജി തീർപ്പാക്കി ഉത്തരവിടുകയായിരുന്നു. കിഫ്ബിക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ അരവിന്ദ് പി ദത്താറും അഡ്വ. ബി ജി ഹരീന്ദ്രനാഥും തോമസ് ഐസക്കിനായി സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയും അഡ്വ. എൻ രഘുരാജും ഹാജരായി.