കണ്ണൂർ: വാഹനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കണ്ണൂർ കോർപറേഷനിലെ ജീവനക്കാർ വയോധികനെ മർദ്ദിച്ചതായി പരാതി. പടന്നപ്പാലത്താണ് സംഭവം. ബുധനാഴ്‌ച്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. പടന്നപ്പാലത്തെ എസ്. എം. സ്വാലിഹിനാ(70)ണ് മർദ്ദനമേറ്റത്. സംഭവത്തിൽ കാർ യാത്രക്കാരും കോർപറേഷൻ ചേലോറ സോണിലെ ജീവനക്കാരായ ഷിജുരാജ്, റിജിൻരാജ് എന്നിവരെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു.

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സ്വാലിഹിനെ കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികൾ പടന്നപ്പാലത്തുവെച്ചു വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ തടഞ്ഞു നിർത്തി മുഖത്തും ദേഹത്തും അടിക്കുകയും തങ്ങൾ കോർപറേഷൻ ജീവനക്കാരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

അതിക്രൂരമായി മർദ്ദനമേറ്റ സ്വാലിഹ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇദ്ദേഹത്തിന്റെപരാതി പ്രകാരമാണ് മദ്യപിച്ചു കാർ ഓടിച്ചതിനും സ്വാലിഹിനെ മർദ്ദിച്ചതിനും കോർപറേഷൻ ജീവനക്കാരെ പൊലിസ് അറസ്റ്റു ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.സംഭവത്തിൽ കണ്ണൂർ കോർപറേഷൻ മേയർക്കും പരാതി നൽകിയിട്ടുണ്ടെന്ന് സ്വാലിഹ് പറഞ്ഞു. നീതികിട്ടിയില്ലെങ്കിൽ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.