പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ ചാലിക്കര കായൽമുക്കിൽ സ്വകാര്യ മൊബൈൽ ടവർ നിർമിക്കുന്ന പ്രതിഷേധത്തിനിടെ വയോധികന്റെ ആത്മഹത്യാശ്രമം. ജനവാസമേഖലയിലെ ടവർ നിർമാണം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെയാണ് വയോധികൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രവീന്ദ്രൻ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ രവീന്ദ്രൻ തലയിലൂടെ ഒഴിക്കുകയായിരുന്നു. നിരവധി പേരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കയതായാണ് ലഭിക്കുന്ന വിവരം.

സ്വകാര്യ മൊബൈൽ ടവർ നിർമാണവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലാണ്. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചശേഷമാണ് പ്രസ്തുത മൊബൈല്‍ ടവറിനെകുറിച്ച് അറിയുന്നതെന്നാണ് നാട്ടകാര്‍ പറയുന്നത്. പ്രദേശവാസികളുടെയോ നാട്ടുകാരുടെയോ സമ്മതമില്ലാതെയാണ് ഇവിടെ ടവര്‍ നിര്‍മ്മാണം നടക്കുന്നതെന്നും ആക്ഷേപമുണ്ട്. നിർമാണവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, സ്ഥലം എംപി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ 25 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ചാലിൽ മീത്തല്‍ എന്ന സ്ഥലത്താണ് സ്വകാര്യ മൊബൈല്‍ കമ്പനി ടവര്‍ നിര്‍മ്മാണത്തിനുള്ള നടപടി സ്വീകരിച്ചത്.