വാണിയംകുളം: പാലക്കാട് വാണിയംകുളത്ത് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാണിയംകുളം മാനന്നൂരിലെ വടക്കേകുന്നത്ത് വീട്ടിൽ വേലുക്കുട്ടി (62) ആണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു.

വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതും ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അയൽവാസികൾ അന്വേഷണം നടത്തിയത്. ഇതിനിടെയാണ് വേലുക്കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ വേലുക്കുട്ടിക്ക് ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

ബന്ധുക്കൾ ഒറ്റപ്പാലം പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാളെ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.