തിരുവനന്തപുരം: ആലുവ സ്വദേശിനി സ്‌കൂൾ അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎ‍ൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യം തിരുവനന്തപുരം ജില്ലാ കോടതി തള്ളി. കേരളം വിടരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് റായ് പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ എൽദോസ് കുന്നപ്പിള്ളി പങ്കെടുത്തുവെന്ന് കാണിച്ച് പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ഔദ്യോഗിക ആവശ്യത്തിന് പങ്കെടുക്കാൻ പോയത് ജാമ്യത്തിലൂടെ നൽകിയ സ്വാതന്ത്ര്യം മന: പൂർവ്വം ലംഘിച്ചതായി കാണാനാവില്ലെന്ന് വിലയിരുത്തിയാണ് സർക്കാർ ഹർജി കോടതി തള്ളിയത് തിരു. ഏഴാം അഡീഷണൽ സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണം പൂർത്തിയാകും വരെ കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത്, പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ 11 കർശന ഉപാധികളോടെയായിരുന്നു എംഎ‍ൽഎക്ക് കോടതി ജാമ്യം അനുവദിച്ചത്.

കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോയി എന്നു ചൂണ്ടിക്കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണറാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. എംഎ‍ൽഎയുടെ ഫോൺ വിളി വിശദാംശങ്ങളും റിപ്പോർട്ടിലുണ്ടാ'യിരുന്നു.