തൃശൂർ: തൃശൂർ ചാലക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജി എന്ന യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ചാലക്കുടി ബസ് സ്റ്റാൻഡിന് സമീപം മദ്യപിച്ച് ബഹളംവെച്ചതിനെ തുടർന്നാണ് ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ ഇയാൾ സ്ഥലത്തെ ട്രാൻസ്ഫോർമറിൽ കയറി വൈദ്യുത ലൈനിൽ തൊടാനുള്ള ശ്രമം നടത്തി. ഇതിനിടയിൽ ലൈനിൽ നിന്ന് വൈദ്യതാഘാതമേറ്റ് ഷാജി റോഡിൽ വീഴുകയായിരുന്നു.

ഇയാൾ മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വൈദ്യുതാഘാതമേറ്റുള്ള വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിലവിൽ ഇയാൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷാജിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പ്രതി സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് പരിസരവാസികൾ വ്യക്തമാക്കുന്നത്.