തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ല. നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.

വിവിധ കോണുകളിൽ നിന്ന് വൈദ്യുതി നിരക്ക് ഉയർത്തരുതെന്ന ആവശ്യം ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് തത്കാലം വൈദ്യുതി നിരക്ക് ഉയർത്തേണ്ടതില്ല എന്ന തീരുമാനത്തിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ എത്തിയത്. നിലവിലെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് യൂണിറ്റിന് 41 പൈസ വരെ ഉയർത്തണമെന്നതായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിരക്ക് ഇപ്പോൾ ഉയർത്തേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തിയത്.

കഴിഞ്ഞ മാർച്ച് 31 വരെയുള്ള നിശ്ചയിച്ചിരുന്ന നിരക്കാണ് നിലവിലും ഒരുമാസം കൂടി തുടരാൻ കമ്മിഷൻ അനുവാദം നൽകിയിരിക്കുന്നത്. കെഎസ്ഇബിയുടെ വരവ് ചെലവുകൾ പരിശോധിച്ച് ഓരോ വർഷവും ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലാകേണ്ടതാണ്. കഴിഞ്ഞ വർഷം മുതൽ അഞ്ച് വർഷത്തെ നിരക്ക് ഒന്നിച്ച് പ്രഖ്യാപിക്കാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചിരുന്നു. എന്നാൽ മുൻ വർഷവും ഒരു വർഷത്തെ നിരക്ക് വർധനയാണ് നടപ്പാക്കാനായത്. ഈ വർഷം നാല് വർഷത്തെ നിരക്ക് വർധനയ്ക്കാണ് നടപടികൾ പുരോഗമിക്കുന്നത്. ഇതിനുള്ള പൊതു അദാലത്ത് ഉൾപ്പെടെ കമ്മിഷൻ നടത്തുകയും ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാകും മുറയ്ക്ക് പുതുക്കിയ താരീഫ് പ്രസിദ്ധീകരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.

അതിനിടെ എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾ ഹൈക്കോടതിയിൽ ഒരു കേസ് നൽകിയിരുന്നു. കേസിൽ സ്റ്റേ നീങ്ങി വൈദ്യുതി നിരക്ക് ഉയർത്തുന്നതിന് കളമൊരുങ്ങിയ സമയത്താണ് നിലവിലെ നിരക്ക് തന്നെ തത്കാലം തുടരട്ടെ എന്ന നിലപാട് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സ്വീകരിച്ചത്.