ഇടുക്കി:ചിന്നക്കനാലിൽ അരിക്കൊമ്പന്റെ ആക്രമണത്തിൽ പൊറുതിമുട്ടി നാട്ടുകാർ. ഇന്ന് രാവിലെ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി. ചിന്നക്കനാൽ 301 കോളനിയിലെ വീട് കാട്ടാന തകർത്തു. രാവിലെ നാലുമണിയോടെയാണ് 301 കോളനി താമസക്കാരിയായ എമിലി ജ്ഞാന മുത്തുവിന്റെ വീട് അരിക്കൊമ്പൻ തകർത്തത്. വീട്ടിൽ ആളുള്ള സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം അരിക്കൊമ്പൻ ചിന്നക്കനാൽ റേഷൻ കടയുടെ സമീപമെത്തി വാഴത്തോട്ടം നശിപ്പിച്ചിരുന്നു. റേഷൻകടയുടെ അടുത്തേക്ക് പ്രവേശിക്കാൻ കഴിയാതെ സമീപത്തുള്ള വാഴത്തോട്ടം ഒറ്റയാൻ പൂർണമായി നശിപ്പിക്കുകയായിരുന്നു.

ചിന്നക്കനാൽ സ്വദേശി ബേസിൽ ജോർജിന്റെ ഉടമസ്ഥതയിലുള്ള 15 സെന്റിലധികം വരുന്ന സ്ഥലത്തെ വാഴക്കൃഷിയാണ് ഒറ്റയാൻ നശിപ്പിച്ചത്. ഒരുമാസം മുൻപ് ഇതേ റേഷൻകടയുടെ വാതിൽ തകർത്ത് ഒറ്റയാൻ ഒരുചാക്ക് പഞ്ചസാര പുറത്തെടുത്ത് തിന്നിരുന്നു.